30
Mar 2023
Fri
30 Mar 2023 Fri

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്ററുകൾ പതിച്ച എട്ട് ആം ആദ്മി പ്രവർത്തകരെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ‘മോദി ഹഠാവോ, ദേശ് ബച്ചാവോ’ എന്നെഴുതിയ പോസ്റ്ററുകളാണ് അഹമ്മദാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോദിക്കെതിരെ അപകീർത്തികരമായ പോസ്റ്ററുകൾ ഉപയോഗിച്ച് പൊതുമുതൽ നശിപ്പിച്ചതായാണ് ഇവർക്കെതിരെയുള്ള കേസ്. അഹമ്മദാബാദിലെ മണിനഗർ, ഇസാൻപൂർ, വത്വ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രിക്കെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പോസ്റ്റർ കാംപയിൻ തുടങ്ങിയിരിക്കെയാണ് ഗുജറാത്ത് പോലീസിന്റെ നടപടി.

രാജ്യ തലസ്ഥാനത്ത് മോദി ഹഠാവോ, ദേശ് ബച്ചാവോ എന്ന പോസ്റ്ററുകൾ പതിച്ചതിന് പിന്നാലെ നടന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിക്കെതിരെ എഎപി പോസ്റ്റർ യുദ്ധം നടത്തുന്നത്. രാജ്യത്തുടനീളം 11 ഭാഷകളിൽ പോസ്റ്ററുകൾ പ്രദർശിപ്പിക്കാനാണ് പാർട്ടി ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ വിദ്യാഭ്യാസ യോഗ്യതകളെ ലക്ഷ്യം വച്ചുള്ള ‘ക്യാ ഭാരത് കെ പിഎം കോ പധേ ലിഖേ ഹോനാ ചാഹിയേ?’ (ഇന്ത്യൻ പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം ആവശ്യമുണ്ടോ) എന്ന തലക്കെട്ടോടു കൂടിയ പോസ്റ്ററുകളാണ് പ്രധാനമായും പ്രചരിപ്പിക്കുന്നത്. അതത് ഭാഷകളിൽ പോസ്റ്ററുകൾ നിർമിക്കാൻ എല്ലാ സംസ്ഥാന ഘടകങ്ങളോടും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.