അലഹാബാദ്: ഗ്യാന്‍വാപി മസ്ജിദിലെ വ്യാസ് ജി കാ തെഹ്ഖാനയ്ക്ക് മുന്നില്‍ വെള്ളിയാഴ്ച രാവിലെ ഭജനഗീതങ്ങളുമായി ഒരു വിഭാഗം എത്തിയതോടെ പ്രദേശം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
|
തെഹ്ഖാനയില്‍ പൂജ നടത്താന്‍ കോടതിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ തന്നെ ഇവിടെ പൂജയും പ്രാര്‍ഥനയും നടത്തിയിരുന്നു. തെഹ്ഖാനയില്‍ പൂജയ്ക്ക് അനുമതി ലഭിച്ചതിനു ശേഷമുള്ള ആദ്യ ജുമാ നിസ്‌കാരം എന്ന പ്രത്യേകതയും ഇന്നുണ്ട്.ഗ്യാന്‍വാപി മസിജിദിനു സമീപത്തു സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
ഇതിനിടെ ഗ്യാന്‍വാപി പള്ളി അധികൃതര്‍ വാരാണസി കോടതിയുടെ നടപടി ചോദ്യം ചെയ്ത് അലഹാബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. കോടതി ഉത്തരവിനെതിരെ മുസ്ലിം വിഭാഗം ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പൂജയ്ക്ക് അനുമതി നല്‍കിക്കൊണ്ട് ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു വാരാണസി ജില്ലാ കോടതി ഉത്തരവിറക്കിയത്. 7 ദിവസത്തിനകം തുടര്‍ നടപടികള്‍ സ്വീകരിക്കാനായിരുന്നു നിര്‍ദേശം. ബുധനാഴ്ച രാത്രിയോടെ കാശി വിശ്വനാഥ ട്രസ്റ്റ് ഭാരവാഹികള്‍ മസ്ജിദ് പരിസരത്തെത്തുകയും അകത്തേക്കു പ്രവേശിക്കുകയും ചെയ്തിരുന്നു.
ഉത്തരവ് രാത്രി തന്നെ നടപ്പാക്കാനുള്ള സൂചന ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി ബുധനാഴ്ച രാത്രി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ആദ്യം ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.





