22
Aug 2023
Sat
22 Aug 2023 Sat

നിര്‍ത്തിയിടത്തുനിന്ന് തുടങ്ങി ഹാലന്‍ഡ്; ആദ്യകളിയില്‍ തന്നെ ഇരട്ട ഗോള്‍; തകര്‍പ്പന്‍ ജയത്തോടെ സിറ്റി കുതിപ്പ് തുടങ്ങി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലണ്ടന്‍: കഴിഞ്ഞ സീസണില്‍ കളി അവസാനിപ്പിച്ചിടത്തുനിന്ന് തന്നെ തുടങ്ങി മാഞ്ചസ്റ്റര്‍ സിറ്റിയും ഹാലന്‍ഡും. പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നവാഗതരായ ബേണ്‍ലിയെ ഏകപക്ഷീയമായ മൂന്നുഗോളിനാണ് സിറ്റി പരാജയപ്പെടുത്തിയത്. കഴിഞ്ഞ സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ഉടമയായ സിറ്റിയുടെ എര്‍ലിങ് ഹാലന്‍ഡ് ഇരട്ട ഗോള്‍ നേടി. റോഡ്രിഗോയാണ് ടീമിന്റെ മൂന്നാം ഗോള്‍ കണ്ടെത്തിയത്.

ബേണ്‍ലിയുടെ ഹോം ഗ്രൗണ്ടായ ടര്‍ഫ് മൂറില്‍ നടന്ന മത്സരത്തിന്റെ നാലാം മിനിറ്റില്‍ത്തന്നെ ഹാലന്‍ഡ് വലകുലുക്കി. മുപ്പത്തിയാറാം മിനിറ്റിലായിരുന്നു രണ്ടാം ഗോള്‍. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ സിറ്റി രണ്ട് ഗോളിന് മുന്നിട്ടു നിന്നു. രണ്ടാം പകുതിയിലും ആധിപത്യം തുടര്‍ന്ന മാഞ്ചസ്റ്റര്‍ സിറ്റി, റോഡ്രിഗോ എഴുപത്തിയഞ്ചാം മിനിറ്റില്‍ നേടിയ ഗോളില്‍ ജയം ഉറപ്പിച്ചു. കളിയുടെ ഇഞ്ചുറി ടൈമില്‍ ബേണ്‍ലി താരം അനസ്സ് സരൗരി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

അതേ സമയം ആദ്യ കളിയില്‍ത്തന്നെ ഇരട്ടഗോളുകള്‍ നേടിയതോടെ പ്രീമിയര്‍ ലീഗിലെ ഒരു ശ്രദ്ധേയ റെക്കോഡും എര്‍ലിങ് ഹാലന്‍ഡിന് സ്വന്തമായി. 202223 സീസണ്‍ പ്രീമിയര്‍ ലീഗിലും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആദ്യ കളിയില്‍ ഹാലന്‍ഡ് ഡബിളടിച്ചിരുന്നു. ഇക്കുറിയും ഈ നേട്ടം തുടര്‍ന്നതോടെ

തുടര്‍ച്ചയായ രണ്ട് പ്രീമിയര്‍ ലീഗ് സീസണുകളിലും ആദ്യ കളിയില്‍ ഇരട്ട ഗോളുകള്‍ നേടുന്ന താരമെന്ന അപൂര്‍വ്വ നേട്ടം ഹാലന്‍ഡ് സ്വന്തമാക്കി. 2022 – 23 സീസണില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെയായിരുന്നു ഹാലന്‍ഡിന്റെ ഡബിള്‍.

ചെല്‍സിയുടെ ഇതിഹാസ താരമായിരുന്ന ദിദിയര്‍ ദ്രോഗ്ബയാണ് ഈ റെക്കോഡ് സ്വന്തമാക്കിയ ആദ്യ താരം. 2009 -10, 2010 – 11 സീസണുകളിലായിട്ടായിരുന്നു ഇത്.