കരിപ്പൂര്‍: കരിപ്പൂരിലെ ഹജ്ജ് ക്യാമ്പില്‍ വളണ്ടിയര്‍ സേവനത്തിനായി അപേക്ഷിക്കാനെന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന അപേക്ഷാ ഫോമുമായി ബന്ധമില്ലെന്ന് ഹജ്ജ് കമ്മിറ്റി. (hajj-committee-on-volunteer-application-form ) സംസ്ഥാന ഹജ്ജ് ക്യാമ്പില്‍ ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ച് വ്യവസ്ഥകള്‍ പ്രകാരം കരാര്‍ നല്‍കിയിരുന്നു. ക്യാമ്പ് കാലയളവില്‍ ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യേണ്ടതും ഇതിനാവശ്യമായ ജീവനക്കാരെ ലഭ്യമാക്കേണ്ടതും ടെണ്ടര്‍ ലഭിച്ചവരുടെ ഉത്തരവാദിത്തമാണെന്നും ഹജ്ജ് കമ്മിറ്റി ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
|
കരിപ്പൂര്‍ ഹജ്ജ് ക്യാമ്പിലെ ഭക്ഷണ വിതരണത്തിനുള്ള വളണ്ടിയര്‍ അപേക്ഷാ ഫോറത്തില്‍ എസ്എസ്എഫ്, കേരള മുസ്ലിം ജമാഅത്ത്, എസ്‌വൈഎസ് എന്നിവയില്‍ ഏതെങ്കിലുമൊന്നിന്റെ മെമ്പര്‍ ഷിപ്പ് നമ്പര്‍ ചോദിക്കുന്നുണ്ട്. ഈ ഫോറമാണ് സോഷ്യല്‍ മിഡിയയില്‍ പ്രചരിക്കുന്നത്. എപി സുന്നീ വിഭാഗവുമായി ബന്ധപ്പെട്ടതാണ് ഈ മൂന്ന് സംഘടനകളും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി എപി വിഭാഗക്കാരനാണ്. ഒരു പ്രത്യേക സംഘടനയില്‍പ്പെട്ടവരെ മാത്രം വളണ്ടിയര്‍മാരായി എടുക്കുന്നതിനെതിരേ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് ഹജ്ജ് കമ്മിറ്റിയുടെ വിശദീകരണം.
പരാതിരഹിതമായി ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കണമെന്ന് ബന്ധപ്പെട്ടവരെ കൃത്യമായി അറിയിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. സമൂഹ മാധ്യമങ്ങളില്‍ കാണുന്ന രീതിയിലുള്ള വാര്‍ത്തകളിലോ മറ്റോ ഒരു നിലക്കും ഹജ്ജ് കമ്മിറ്റിക്ക് പങ്കില്ല. എല്ലാ വിഭാഗത്തിന്റെയും പൂര്‍ണ സഹകരണത്തോടെ നടക്കുന്ന ഹജ്ജ് ക്യാമ്പില്‍ ഏതെങ്കിലും വിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതായി വന്ന വാര്‍ത്തകള്‍ തികച്ചും വസ്തുതാ വിരുദ്ധമാണ്. ഹജ്ജ് ക്യാമ്പ് സ്വാഗത സംഘം കമ്മിറ്റിയിലും മറ്റെല്ലാ സമിതികളിലും എല്ലാ വിഭാഗം ആളുകളേയും നിയമാനുസൃതം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളേയും പരിഗണിച്ചും സഹകരിപ്പിച്ചുമുളള സമീപനമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്വീകരിച്ചുവരുന്നതെന്നും കമ്മിറ്റി വ്യക്തമാക്കി.
ഹജ്ജ് തീര്‍ഥാടന യാത്ര അടുത്ത ദിവസം ആരംഭിക്കാനിരിക്കെ പ്രവര്‍ത്തനങ്ങളെ കളങ്കപ്പെടുത്തുന്ന രീതിയിലുള്ള നീക്കങ്ങള്‍ ആരില്‍ നിന്നും ഉണ്ടാവരുതെന്നും ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തനങ്ങളില്‍ കക്ഷി, സംഘടനാ ഭേദമന്യേ എല്ലാവരും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും ഹജ്ജ് കമ്മിറ്റി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.


