കൊച്ചി: പാതിവിലയ്ക്ക് സ്‌കൂട്ടറും ലാപ്‌ടോപ്പും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയതായി പ്രതി അനന്തു കൃഷ്ണന്റെ മൊഴി. എറണാകുളം ജില്ലയിലെ ഒരു എംഎല്‍എ ഏഴ് ലക്ഷം രൂപ, ഇടുക്കി എം പി ഡീന്‍ കുര്യാക്കോസിന് 45 ലക്ഷം രൂപ, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന് 25 ലക്ഷം രൂപ, കോട്ടയം എം പി ഫ്രാന്‍സിസ് ജോര്‍ജിന് 10 ലക്ഷം രൂപ എന്നിങ്ങനെ കൈമാറിയെന്നാണ് അനന്തു കൃഷ്ണന്‍ പറയുന്നത്.
|
മൂവാറ്റുപുഴയിലെ യുവ കോണ്‍ഗ്രസ് നേതാവിന് 5 ലക്ഷം രൂപ കൈവായ്പയായി നല്‍കിയെന്നും മൊഴിയുണ്ട്. ഇന്നലെ നടന്ന തെളിവെടുപ്പിന് ശേഷമായിരുന്നു അനന്തു കൃഷ്ണന്‍ നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയ്.
മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് പണം ബാങ്കിലേയ്ക്ക് നല്‍കാമെന്ന് പറഞ്ഞെങ്കിലും പണമായി കൈമാറിയാല്‍ മതിയെന്ന് ആവശ്യപ്പെട്ടു. ഇടുക്കി എംഎല്‍എ ഡീന്‍ കുര്യാക്കോസിന് കൈമാറിയ 45 ലക്ഷം രൂപയില്‍ 15 ലക്ഷം തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്കും ബാക്കി 30 ലക്ഷം രൂപ വ്യക്തിപരമായും കൈമാറിയെന്നാണ് മൊഴി.
സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന് 25 ലക്ഷം രൂപ കൈമാറി. തങ്കമണി സര്‍വീസ് സഹകരണ ബാങ്കിലേക്കാണ് പണം അയച്ചത്. അവിടേയ്ക്ക് അയച്ചാല്‍ മറ്റാരുടെയെങ്കിലും പേരില്‍ മാറ്റിയെടുക്കാമെന്ന് സി വി വര്‍ഗീസ് പറഞ്ഞുവെന്നും മൊഴിയിലുണ്ട്.
എന്നാല്‍, അനന്തു കൃഷ്ണനില്‍ നിന്നു പണം കൈപ്പറ്റിയെന്ന ആരോപണം സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനും നിഷേധിച്ചു. അനന്തു കൃഷ്ണനുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നാണ് ഇരുവരും അവകാശപ്പെട്ടത്.


