23
Feb 2025
Mon
23 Feb 2025 Mon
Youth arrested for stealing gold anklet in train

തിരുവനന്തപുരം: ട്രെയിനില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ സ്വര്‍ണ പാദസരം മോഷ്ടിച്ചയാളെ ദിവസങ്ങള്‍ക്കുള്ളില്‍ അതിവിദഗ്ധമായി വലയിലാക്കി പോലീസ്. (Youth arrested for stealing gold anklet in train) റെയില്‍വേ പൊലീസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം അങ്ങാടിപ്പുറം ചെരക്കപ്പറമ്പ് സ്വദേശി സി.വി. ശ്രീജിത്താണ് അറസ്റ്റിലായത്. പട്ടത്തെ ഭാര്യവീട്ടിലേക്കുള്ള യാത്രക്കിടെയാണ് ഇയാള്‍ മോഷണം നടത്തിയത്.

കഴിഞ്ഞ മാസം 25നാണ് കേസിനാസ്പദമായ സംഭവം. രാജ്യറാണി എക്‌സ്പ്രസില്‍ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കൊച്ചുവേളിയിലേക്ക് യാത്രചെയ്ത യാത്രക്കാരിയുടെ പാദസരമാണ് ഇയാള്‍ മോഷ്ടിച്ചത്.

ALSO READ: ഞാന്‍ ജീവനോടെ സുഖമായി ഇരിപ്പുണ്ട്; വ്യാജ വാര്‍ത്തയ്ക്ക് മറുപടിയുമായി അഷ്‌റഫ് താമരശ്ശേരി

26ന് ട്രെയിന്‍ കൊച്ചുവേളിയിലെത്തിയപ്പോള്‍ സൈഡ് ലോവര്‍ സീറ്റില്‍ ഉറങ്ങുകയായിരുന്നു യുവതി. ആദ്യം വലതുകാലിലെ ഒരുപവന്‍ തൂക്കം വരുന്ന കൊലുസ് ഇയാള്‍ കട്ടിങ് പ്ലയര്‍ ഉപയോഗിച്ച് മുറിച്ചെടുത്തു. തുടര്‍ന്ന്, ഇടതുകാലിലെ കൊലുസും മുറിക്കാന്‍ ശ്രമിക്കവെ, യാത്രക്കാരി ഉണര്‍ന്ന് ബഹളംവച്ചു. ഇതോടെ മോഷ്ടാവ് പ്ലാറ്റ്‌ഫോമിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന്, റെയില്‍വേ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 20ലേറെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതിയുടെ രൂപഭാവങ്ങളെക്കുറിച്ച് ഏകദേശ സൂചന ലഭിച്ച പോലീസ് തുടര്‍ന്ന് ആ സമയത്ത് പരിസരത്തുണ്ടായിരുന്ന 3000ഓളം മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോയി.

ഓരോ നമ്പറുകളുടയും ഉടമസ്ഥരുടെ വിശദാംശങ്ങള്‍ പരിശോധിച്ചതിന് ഒടുവിലാണ് രണ്ടാഴ്ചക്കുശേഷം ചെരക്കപ്പറമ്പിലെ വീട്ടില്‍ നിന്ന് പ്രതിയെ പൊക്കിയത്. ശ്രീജിത്തിന്റെ വീട്ടില്‍ നിന്ന് മോഷണം പോയ കൊലുസും മറ്റ് മോഷണവസ്തുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ സതീഷ് കുമാര്‍, ആര്‍.പി.എഫ് എ.എസ്.ഐ ജോജി ജോസഫ്, ഹെഡ് കോണ്‍സ്റ്റബിള്‍ നിമേഷ്, കോണ്‍സ്റ്റബിള്‍മാരായ അരുണ്‍ബാബു, പ്രമോദ്, കിഷോര്‍, സരിന്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.