24
Feb 2025
Thu
24 Feb 2025 Thu
(half price scooter scheme scam: Ananda kumar mastermind

തിരുവനന്തപുരം: 1000 കോടിയോളം രൂപ തട്ടിയെടുത്ത ‘പകുതി വിലക്ക് സ്‌കൂട്ടര്‍’ പദ്ധതിയുടെ മുഖ്യ സൂത്രധാരന്‍ സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദ കുമാറെന്ന നിഗമനത്തില്‍ പോലീസ്. (half price scooter scheme scam: Ananda kumar mastermind)  പകുതി വിലക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും വാങ്ങാന്‍ ആളുകള്‍ കൂട്ടമായി എത്തിയത് അവസരമായി കണ്ട്, കഴിഞ്ഞ ഫെബ്രുവരിയില്‍ ആനന്ദ കുമാറിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്‍.ജി.ഒ കോണ്‍ഫെഡറേഷന്റെ ചുമതലയില്‍ നിന്ന് ആനന്ദകുമാര്‍ ഒഴിഞ്ഞ സാഹചര്യവും പരിശോധിക്കുന്നുണ്ട്. തട്ടിപ്പിന്റെ അന്വേഷണത്തില്‍ കേന്ദ്ര ഏജന്‍സി ഇടപെടുന്നതായും വിവരമുണ്ട്. ഇ.ഡി ഈ വിഷയത്തില്‍ പ്രാഥമിക വിലയിരുത്തല്‍ നടത്തിയതായാണ് സൂചന. ബിജെപിയുടെ ഉന്നതര്‍ക്ക് തട്ടിപ്പുകാരുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതോടെയാണ് ഇഡി രംഗത്തെത്തിയതെന്ന കാര്യം ശ്രദ്ധേയമാണ്.

പിടിയിലായ അനന്തുകൃഷ്ണന്‍ ആനന്ദകുമാറിന്റെ ബിനാമി ആണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. എട്ടുമാസം കൊണ്ട് നാല് അക്കൗണ്ടുകളിലേക്ക് എത്തിയത് 500 കോടിയില്‍ അധികം തുകയെന്നും കണ്ടെത്തി. തട്ടപ്പിന്റെ വ്യാപ്തി ഇതിലും വലുതാണെന്നും 1000 കോടി രൂപയെങ്കിലും പലരില്‍ നിന്നായി സ്വരൂപിച്ചിട്ടുണ്ടെന്നുമാണ് വിവര.ം

തട്ടിപ്പിനായി രൂപവല്‍കരിച്ച എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ സംഘടന ഭാരവാഹികള്‍ക്ക് എതിരെയും അന്വഷണം നടക്കുകയാണ്. അനന്തുകൃഷണന്റെ കസ്റ്റഡി അപേക്ഷ മൂവാറ്റുപുഴ കോടതി ഇന്ന് പരിഗണിക്കും.

എന്നാല്‍, പകുതിവില തട്ടിപ്പില്‍ അനന്തകൃഷ്ണന്‍ തന്നെ ആയുധമാക്കിയെന്നും വഞ്ചിച്ചുവെന്നും ആരോപണ വിധേയനായ കെ.എന്‍.ആനന്ദകുമാര്‍ പറയുന്നു. തട്ടിപ്പുവാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആനന്ദകുമാറിന്റെ പ്രതികരണം.

സുതാര്യതയില്‍ സംശയം തോന്നിയപ്പോഴാണ് ഫെഡറേഷനില്‍ നിന്ന് രാജി വെച്ചതെന്നാണ് ആനന്ദകുമാറിന്റെ അവകാശവാദം. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റാണ് അനന്തുകൃഷ്ണനെ പരിചയപ്പെടുത്തിയത്. സായി ട്രസ്റ്റിന് സി.എസ്.ആര്‍ ഫണ്ട് വാഗ്ദാനം ചെയ്തായിരുന്നു സന്ദര്‍ശനമെന്നും ആനന്ദകുമാര്‍ പറഞ്ഞു.

തട്ടിയെടുത്ത പണം മുഴുവന്‍ അനന്തുകൃഷ്ണന്റെ കമ്പനിയിലേക്കാണ് പോയത്. ആ കമ്പനിയില്‍ പങ്കാളികളില്ലെന്നും തട്ടിപ്പില്‍ മാറ്റാര്‍ക്കും പങ്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

പകുതി വിലക്ക് സ്‌കൂട്ടര്‍ നല്‍കാമെന്ന പേരില്‍ സംസ്ഥാനത്തുടനീളം വന്‍തുക തട്ടിയ കേസിലെ പ്രതി അനന്തുകൃഷ്ണന് ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണനുമായി അടുത്ത ബന്ധമുണ്ടെന്ന് ബി.ജെ.പി വനിത നേതാവ് ഗീതാകുമാരിയുടെ വെളിപ്പെടുത്തിയിരുന്നു. തട്ടിപ്പില്‍ ബി.ജെ.പി നേതാക്കള്‍ക്ക് ബന്ധമുണ്ടോ എന്നറിയില്ലെന്നും എന്നാല്‍, രാധാകൃഷ്ണനുമായി നല്ല ബന്ധമുണ്ടെന്നും ബി.ജെ.പി സംസ്ഥാന സമിതി അംഗം കൂടിയായ ഇടുക്കി മുട്ടത്ത് ഗീതാകുമാരി പറഞ്ഞു.

ആലുവ ഭാഗത്ത് ഇവരുടെ ഫ്‌ളക്‌സ് വ്യാപകമായി ഉണ്ടായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഈ പറഞ്ഞത് സാധൂകരിക്കുന്ന തരത്തില്‍ എ.എന്‍. രാധാകൃഷ്ണന്റെ ഫേസബുക് പേജില്‍ സ്‌കൂട്ടര്‍ വിതരണത്തിന്റെ നിരവധി ഫോട്ടോകളും വിഡിയോകളും പങ്കുവെച്ചിട്ടുണ്ട്. ബിജെപിയുടെ മറ്റു ചില നേതാക്കളും തട്ടിപ്പിന്റെ ഭാഗമായിട്ടുണ്ട്.

ഇതിനിടെ, അനന്തുകൃഷ്ണനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവും കൂട്ടുപ്രതിയുമായ അഡ്വ. ലാലി വിന്‍സെന്റ് രംഗത്തെത്തി. അനന്തു തനിക്ക് മകനെ പോലെയാണെന്നും അനന്തുവിനോട് തനിക്ക് നല്ല വാത്സല്യം ഉണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആ കുട്ടിയെ ബലിയാടാക്കിയതാണെന്നും കേസിന് പിന്നില്‍ ദുഷ്ടബുദ്ധികളും രാഷ്ട്രീയ പകപോക്കലാണെന്നും അവര്‍ ആരോപിച്ചു.

അതേസമയം, കോഴിക്കോട് പകുതി വില തട്ടിപ്പില്‍ ഇടനിലക്കാരായി അനന്തു കൃഷ്ണന്‍ ഉപയോഗിച്ച നാഷണല്‍ എന്‍.ജി.ഓ കോണ്‍ഫെഡറേഷന്‍ സംഘടന, സിറ്റി കമ്മിഷണര്‍ക്കും വിജിലന്‍സിനും പരാതി നല്‍കി. ജില്ലയില്‍ അയ്യായിരത്തിലധികമാളുകള്‍ തട്ടിപ്പിന് ഇരയായതായാണ് കണക്കുകള്‍.

20 കോടിയോളം രൂപയുടെ തട്ടിപ്പുണ്ടായെന്നാണ് പ്രാഥമിക നിഗമനം. തട്ടിപ്പ് നടത്തിയവര്‍ സംഘടനകളെയും അതിലൂടെ സാധാരണക്കാരെയും വഞ്ചിച്ചു എന്നു പറഞ്ഞാണ് പരാതി.

വയനാട്ടില്‍ അക്ഷയ സെന്ററുകള്‍ വഴിയാണ് തട്ടിപ്പിലേറെയും നടന്നത്. ജില്ലയിലെ 22 സെന്ററുകളിലായി 500 പേര്‍ പണമടച്ച് വെട്ടിലായെന്നാണ് റിപ്പോര്‍ട്ട്.

ബത്തേരി മേഖലയിലാണ് കൂടുതല്‍ തട്ടിപ്പുകള്‍ നടന്നത്. അറുപതിനായിരത്തിനു പുറമെ 5900 രൂപ കമ്മീഷന്‍ കൂടി വാങ്ങിയായിരുന്നു തട്ടിപ്പ്. അക്ഷയ സെന്ററുകള്‍ തട്ടിപ്പിന് മുന്നില്‍ നില്‍ക്കുന്നതായി കാണിച്ചു കഴിഞ്ഞ ഒക്ടോബറില്‍ തന്നെ സി.ഐ.ടി.യുവിനു കീഴിലുള്ള അസോസിയേഷന്‍ ഓഫ് ഐ.ടി എംപ്ലോയീസ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ലന്നും ആക്ഷേപമുണ്ട്. ഇരുപതോളം പരാതികള്‍ ജില്ല പൊലീസ് മേധാവിക്ക് ലഭിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലാവട്ടെ ഇതുവരെ 13 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.