15
May 2025
Tue
15 May 2025 Tue
Israel military

തെല്‍ അവീവ്: ഗസ പൂര്‍ണമായും പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ട് ഇസ്രായേല്‍ സൈന്യം. (Hamas: Israeli Plans to Occupy Gaza Will Fai) ഇസ്രായേല്‍ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. പുതിയ പദ്ധതിക്ക് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അംഗീകാരം നല്‍കിയതായാണ് റിപോര്‍ട്ട്. എന്നാല്‍, ഇസ്രായേലിന്റെ നീക്കം പരാജയപ്പെടുമെന്ന് ഹമാസ് പ്രതികരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസ്സയിലെ 21 ലക്ഷം ഫലസ്തീനികളെ നിര്‍ബന്ധിതമായി തെക്കന്‍ പ്രദേശങ്ങളിലേക്ക് മാറ്റിയാവും പദ്ധതിക്ക് തുടക്കം കുറിക്കുകയെന്ന് ഇസ്രായേല്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇത് എത്രത്തോളം പ്രായോഗികമാവുമെന്ന കാര്യത്തില്‍ സംശയങ്ങളുണ്ട്.

ALSO READ: ആവശ്യമായ പണം കൈമാറിയിട്ട് ഒരു വര്‍ഷം, വധശിക്ഷ റദ്ദാക്കി; എന്നിട്ടും മോചിതനാകാതെ റഹീം; കേസ് മാറ്റിയത് 12 മത്തെ തവണ, അടുത്ത സിറ്റിങ് തീയതി പോലും നിശ്ചയമില്ല | Release of Abdul Rahim

പുതിയ പദ്ധതി മികച്ചതാണെന്നാണ് നെതന്യാഹുവിന്റെ അഭിപ്രായം. ഈ നീക്കത്തിലൂടെ ഹമാസിനെ ഇല്ലാതാക്കാനും ബന്ദികളെ തിരിച്ചെത്തിക്കാനും കഴിയുമെന്നും നെതന്യാഹു യുദ്ധകാല കാബിനറ്റില്‍ പറഞ്ഞു.

സ്വകാര്യ കമ്പനികളിലൂടെ ആളുകള്‍ക്കുള്ള സഹായം വിതരണം ചെയ്യാനും ഇസ്രായേല്‍ യുദ്ധകാല കാബിനറ്റില്‍ തീരുമാനമെടുത്തു. അതേസമയം, പ്രാഥമികമായ മനുഷ്യാവകാശങ്ങളെ പോലും ലംഘിക്കുന്നതാണ് ഇസ്രായേലിന്റെ പുതിയ പദ്ധതിയെന്നും ഇതിനോട് സഹകരിക്കില്ലെന്നും യു.എന്‍ വ്യക്തമാക്കി.

ഡോണള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് യാത്ര കഴിഞ്ഞതിന് ശേഷമായിരിക്കും പുതിയ പദ്ധതിക്ക് ഇസ്രായേല്‍ തുടക്കമിടുക. അതുവരെ ബന്ധികളെ വിട്ടുനല്‍കാന്‍ ഹമാസിന് അവസരമുണ്ടെന്ന് ഇസ്രായേല്‍ സെക്യൂരിറ്റി കാബിനറ്റ് അംഗം സീവ് എല്‍കിന്‍ പറഞ്ഞു.

ഭീഷണി വിലപ്പോവില്ലെന്ന് ഹമാസ്
ഗസ പൂര്‍ണമായും പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ നീക്കം പരാജയപ്പെടുമെന്ന് ഹമാസ്. ഫലസ്തീന്‍കാരുടെ ആവശ്യം അംഗീകരിച്ചുള്ള സമഗ്രമായ കരാറിലൂടെ മാത്രമേ പ്രശ്‌നത്തിന് പരിഹാരം കാണാനാവൂ എന്ന് ഹമാസിന്റെ മുതിര്‍ന്ന നേതാവ് മഹ്‌മൂദ് അല്‍ മര്‍ദാവി പറഞ്ഞു.

ഫലസ്തീന്‍കാരുടെ ആത്മവിശ്വാസത്തെ തകര്‍ക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഗസ പൂര്‍ണമായും പിടിച്ചെടുക്കുമെന്ന ഭീഷണി. തങ്ങളുടെ അവകാശങ്ങളും വിശുദ്ധ കേന്ദ്രങ്ങളും അടിയറവയ്പ്പിക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്. എന്നാല്‍, ഈ നീക്കങ്ങളെല്ലാം പൂര്‍ണമായും പരജായപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫലസ്തീന്‍ ജനത മുന്നോട്ട് വച്ച മുഴുവന്‍ ഡിമാന്റുകളും അംഗീകരിക്കാതെ ഒരു ഒത്തുതീര്‍പ്പിനും ഹമാസ് തയ്യാറല്ലെന്നും അല്‍ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഹ്‌മൂദ് അല്‍ മര്‍ദാവി ആവര്‍ത്തിച്ചു വ്യക്തമാക്കി.