16
May 2025
Tue
16 May 2025 Tue
Release of Abdul Rahim, a native kerala who is in a Saudi prison, is being delayed indefinitely

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി റഹീമിന്റെ മോചനം അനന്തമായി നീളുകയാണ്. മരിച്ച സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട 33 കോടി രൂപ നല്‍കിയിട്ട് ഒരുവര്‍ഷമായി. ഇതുപ്രകാരം കഴിഞ്ഞ ജൂണിലാണ് റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയത്. എന്നാല്‍ ഒരുവര്‍ഷമായിട്ടും ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ റഹീമിന് കഴിഞ്ഞിട്ടില്ല. കേസ് കോടതി വീണ്ടും മാറ്റിവയ്ക്കുന്നതിനാലാണിത്. പന്ത്രണ്ടാം തവണയാണ് കേസ് മാറ്റി വയ്ക്കുന്നത്. ഒറിജിനല്‍ രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്തിമവിധി പുറപ്പെടുവിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുന്നതായി കോടതി കഴിഞ്ഞദിവസം അറിയിച്ചു. അടുത്ത സിറ്റിങ് തിയതി പോലും തീരുമാനിക്കാതെയാണ് കോടതി നടപടി. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചു.

കേസ് ഫയല്‍ പരിശോധന പൂര്‍ത്തിയായാല്‍ അന്തിമവിധി പറഞ്ഞേക്കും. കേസില്‍ റഹീമിന് അനുകൂലമായി മോചനവിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കേസ് രേഖകള്‍ അവതരിപ്പിച്ച് ഭാരവാഹികള്‍ പറഞ്ഞിരുന്നു. കേസ് പരിശോധിച്ച കോടതി കേസിന്റെ ഒറിജിനല്‍ കേസ് ഡയറി ആവശ്യപ്പെടാന്‍ കാരണമുണ്ട്. കേസില്‍ സഊദി പൗരന്‍ മരിച്ചത് ആശുപത്രിയില്‍ വെച്ചാണ്. ഇത് മനപൂര്‍വമായ കൊലപാതകമല്ല എന്ന വാദങ്ങളുള്‍പ്പെടെ പരിഗണിക്കാന്‍ കേസ് ഡയറി ആവശ്യമാണ്. ഈ കേസ് ഡയറി ബന്ധപ്പെട്ട വകുപ്പില്‍ കോടതിയിലെത്തിയാലേ തുടര്‍ നടപടിയുണ്ടാകൂ. ഇതിനുള്ള കാലതാമസമാണ് ഇപ്പോള്‍ നേരിടുന്നതെന്നാണ് കഴിഞ്ഞ തവണ നിയമസഹായ സമതി വ്യക്തമാക്കിയത്.

സഊദി ഭരണകൂടത്തിന് ഏതൊരു കൊലപാതക കേസിലും മോചനം സംബന്ധിച്ച് തീരുമാനമെടുക്കാം. അതുമായി ബന്ധപ്പെട്ട പൊതു അവകാശ വകുപ്പിന്റെ അടിസ്ഥാനത്തിലുള്ള സെഷനുകളാണ് ഇനി പൂര്‍ത്തിയാകേണ്ടത്.

ദയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പു നല്‍കിയതോടെ വധശിക്ഷ കോടതി ഒഴിവാക്കിയെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പാകാനുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് തടവ് അടക്കമുള്ള ശിക്ഷകളിലെ കോടതി തീരുമാനം വന്നാല്‍ മാത്രമേ മോചനം സാധ്യമാകൂ.

2006ല്‍ ആണ് മനപൂര്‍വമല്ലാത്ത കൈപിഴവ് മൂലം സൗദി സ്വദേശിയായ 15 കാരന്റെ മരണത്തില്‍ അബ്ദുല്‍ റഹീം ജയിലിലാകുന്നത്. ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തിയ റഹീമിന്, പകുതിയിലേറെ ചലന ശേഷി നഷ്ടപ്പെട്ട സ്‌പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കുന്ന ജോലിയാണ് ലഭിച്ചത്.

ഫായിസിന് ഭക്ഷണവും വെള്ളവുമടക്കം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു.

കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോയതോടെ ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയായിരുന്നു.

Release of Abdul Rahim, a native kerala who is in a Saudi prison, is being delayed indefinitely