26
Mar 2023
Thu
26 Mar 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ അഞ്ച് പേരെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഒരാളെ പിരിച്ചുവിടുകയും ചെയ്തു. കേസിലെ പ്രതിയായ ശശീന്ദ്രനെയാണ് സര്‍വീസില്‍ നിന്ന് അടിയന്തിരമായി പിരിച്ചുവിട്ടത്. പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനാണ് അഞ്ച് പേര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടിയെടുത്തത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്ന് സര്‍ക്കാര്‍ പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതിജീവിതയുടെ മൊഴി തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു.

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഒരു നഴ്‌സിങ് അസിസ്റ്റന്റ്, ഒരു ഗ്രേഡ് 2 അറ്റന്‍ഡര്‍, മൂന്ന് ഗ്രേഡ് 1 അറ്റന്‍ഡര്‍മാര്‍ക്കും എതിരെയാണ് കേസ്. സാക്ഷിയെ സ്വാധീനിക്കല്‍ , ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്.പ്രതിയായ അറ്റന്‍ഡര്‍ ശശീന്ദ്രന്റെ അറസ്റ്റിന് പിന്നാലെ ഇരയ്ക്ക് മേല്‍ പരാതി പിന്‍വലിക്കാന്‍ ജീവനക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. ശശീന്ദ്രനെതിരെ ശസ്ത്രക്രിയ വിഭാഗത്തിലുണ്ടായിരുന്ന നഴ്‌സുമാരടക്കം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രോഗിയെ ഓപ്പറേഷന്‍ തീയേറ്ററിലെത്തിക്കുന്ന ജോലിയായിരുന്നു ശശീന്ദ്രന്.