21
Jan 2024
Sat
21 Jan 2024 Sat

രാമക്ഷേത്രം നമ്മുടെ സൗഭാഗ്യം; പ്രതിഷ്ഠയ്ക്ക് ഞാന്‍ എന്തായാലും പോകും ഹര്‍ഭജന്‍ സിംഗ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: അയോധ്യയിലെ പള്ളി പൊളിച്ച് തദ്സ്ഥാനത്ത് നിര്‍മിച്ച രാമക്ഷേത്രം നമ്മുടെ സൗഭാഗ്യമാണെന്നും അതിലെ പ്രതിഷ്ഠയ്ക്ക് എന്തായാലും പോകുമെന്നും മുന്‍ ക്രിക്കറ്റ് താരവും AAPയുടെ രാജ്യസഭാംഗവുമായ ഹര്‍ഭജന്‍ സിംഗ്. ജനുവരി 22ന് നടക്കുന്ന പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഹര്‍ഭജന്‍ സിംഗ് അറിയിച്ചു. മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്നത് എനിക്ക് പ്രശ്‌നമല്ലെന്നും രാമക്ഷേത്ര ഉദ്ഘാടനത്തിന് താന്‍ പോകുമെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. സോഷ്യല്‍മീഡിയയിലൂടെയാണ് ഹര്‍ഭജന്‍ സിംഗ് വിഷയത്തിലെ നിലപാട് വ്യക്തമാക്കിയത്.

‘പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങില്‍ മറ്റ് പാര്‍ട്ടികള്‍ പോകുമോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല. ഞാന്‍ എന്തായാലും പോകും. ഞാന്‍ പോകുന്നതില്‍ ആര്‍ക്കെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അവര്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് ചെയ്യാം. ഈ സമയത്ത് ഈ ക്ഷേത്രം പണിയുന്നത് നമ്മുടെ ഭാഗ്യമാണ്. അതിനാല്‍ നമ്മള്‍ എല്ലാവരും പോയി ശ്രീരാമനില്‍ നിന്ന് അനുഗ്രഹം വാങ്ങണം. ഇതിനായി ഞാന്‍ രാമമന്ദിര്‍ ഉദ്ഘാടനത്തിന് പോകുന്നു- ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.

ജനുവരി 22ലെ പരിപാടി ഒഴിവാക്കുമെന്ന് പാര്‍ട്ടി മേധാവിയും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഹര്‍ഭജന്‍ സിംഗ് ഇക്കാര്യം പറഞ്ഞത്. രാമക്ഷേത്ര ഉദ്ഘാടനത്തില്‍ മിക്ക പ്രതിപക്ഷ പാര്‍ട്ടികളും നിലപാടറിയിച്ച് രംഗത്തെത്തിയിരുന്നു. ബിജെപി പരിപാടിയെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിച്ചാണ് മിക്ക പ്രതിപക്ഷ പാര്‍ട്ടികളും ജനുവരി 22 ലെ രാമക്ഷേത്ര ഉദ്ഘാടനം ബഹിഷ്‌കരിക്കുന്നത്.