16
Sep 2024
Mon
16 Sep 2024 Mon
hasan nasrallah

ബൈറൂത്ത്: ഇസ്രായേലിന്റെ ആസുത്രിത ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല തലവന്‍ സയ്യിദ് ഹസന്‍ നസ്റുല്ലയുടെ മൃതദേഹം കണ്ടെത്തി.(Hasan Nasrullah’s dead body without a scratch; Secrets were leaked by an Iranian spy)  ലബനാന്‍ തലസ്ഥാനമായ ബൈറൂത്തില്‍ ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്ത കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹത്തില്‍ ഒരു പോറല്‍ പോലുമേറ്റിട്ടില്ലെന്നാണ് റിപോര്‍ട്ട്. ഒന്നും ബാക്കിയില്ലാത്ത വിധം ശരീരം ഛിന്നഭിന്നമായതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതു തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ALSO READ: യമനിലേക്കും ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേല്‍; തിരിച്ചടിക്കൊരുങ്ങി ഹൂത്തികള്‍

മിസൈല്‍ ആക്രമണത്തിലുണ്ടായ സ്ഫോടനത്തിന്റെ ശക്തമായ ആഘാതത്തിലായിരിക്കാം മരണം സംഭവിച്ചതെന്നാണു കരുതപ്പെടുന്നത്. അതേസമയം, എങ്ങനെയാണ് അദ്ദേഹം മരിച്ചതെന്ന് ഹിസ്ബുല്ല വ്യക്തമാക്കിയിട്ടില്ല. മരണാനന്തര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

നസ്‌റുല്ല എവിടെയാണെന്നത് സംബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പേ ഇസ്രായേല്‍ ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു. ലബനീസ് തലസ്ഥാനമായ ബൈറൂത്തിനു തെക്ക് ദഹിയയില്‍ വെള്ളിയാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടതായി ഹിസ്ബുല്ല നേതൃത്വം സ്ഥിരീകരിക്കുകയായിരുന്നു. 64കാരനായ നസ്‌റുല്ലയുടെ മരണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല നേതൃത്വം പ്രഖ്യാപിച്ചു.

വിവരങ്ങള്‍ ചോര്‍ത്തിയത് ഇറാന്‍ ചാരന്‍

ആക്രമണത്തിന് മുമ്പ് ഹിസ്ബുല്ല തലവന്‍ ഹസന്‍ നസറുല്ലയെക്കുറിച്ച് രഹസ്യ വിവരം ഇസ്രായേലിന് നല്‍കിയത് ഇറാന്‍ ചാരനെന്ന് റിപ്പോര്‍ട്ട്. പാരിസ് ആസ്ഥാനമായ ലെ പാരിസിയെന്‍ എന്ന ഫ്രഞ്ച് പത്രമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ബൈറൂത് നഗരത്തിലെ 60 അടി താഴ്ചയില്‍ ഭൂമിക്കടിയിലെ ബങ്കറിലുണ്ടെന്ന കൃത്യമായ വിവരമാണ് നസറുല്ലയെ 80 ലേറെ ബോംബുകളിട്ട് കൊലപ്പെടുത്തുന്നതിലേക്ക് വഴിവെച്ചത്.

ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ നസറുല്ല ബങ്കറിലെ ആസ്ഥാനത്തെത്തുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇസ്രായേലിന് വിവരം ലഭിച്ചതെന്നും ലബനന്‍ സുരക്ഷാസേന വൃത്തങ്ങളെ ഉദ്ധരിച്ച് ‘ലെ പാരിസിയെന്‍’ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, 2006ല്‍ ലബനില്‍ 34 ദിവസം നീണ്ട ഏറ്റുമുട്ടല്‍ പരാജയപ്പെട്ടതോടെ ഇസ്രായേല്‍ ചാര സംഘടനയായ മൊസാദ് നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളാണ് ഹിസ്ബുല്ലയുടെ ശക്തമായ നേതൃനിരയുടെ നട്ടെല്ലൊടിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രം തയാറാക്കിയ അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ പറയുന്നു. നേരിട്ട് ഏറ്റുമുട്ടുന്നതിന് പകരം നേതൃത്വത്തെ കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ തുടങ്ങി. ഇതിനായി യൂനിറ്റ് 8200 എന്ന പ്രത്യേക ടീം തന്നെ സജ്ജമാക്കിയിരുന്നു. ഇവര്‍ നടത്തിയ വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് നസ്‌റുല്ലയെയും ഹിബ്‌സുല്ലയുടെ പ്രധാന നേതാക്കളെയും വധിച്ചതെന്നാണു റിപോര്‍ട്ട്.