16
Sep 2024
Mon
16 Sep 2024 Mon
israel attack in yemen

ലബ്‌നാന് പിന്നാലെ യമനിലും ഇസ്രായേല്‍ ബോംബ് വര്‍ഷം. ഹൂത്തി പോരാളികളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു. (Israel has expanded its attack to Yemen; The Houthis are preparing to retaliate) റാസ് ഇസ, ഹുദൈദ തുറമുഖങ്ങളിലെ പവര്‍ പ്ലാന്റുകള്‍, മറ്റ് തുറമുഖ സംവിധാനങ്ങള്‍ എന്നിവിടങ്ങളിലാണ് ഡസന്‍ കണക്കിന് യുദ്ധ വിമാനങ്ങളും ഡ്രോണുകളും ആക്രമണം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആക്രമണത്തില്‍ ഒരു തുറമുഖ തൊഴിലാളിയും മൂന്ന് ഇലക്ട്രിക് എന്‍ജിനീയര്‍മാരും ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടതായി ഹൂത്തി നിയന്ത്രണത്തിലുള്ള അല്‍ മസീറ ടിവി റിപോര്‍ട്ട് ചെയ്തു. ഹുദൈദയുടെ മിക്ക ഭാഗങ്ങളിലും വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു.

തെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി കഴിഞ്ഞ ദിവസം ഹൂത്തികള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം നവംബര്‍ മുതല്‍, ചെങ്കടല്‍, ഏദന്‍ അഴിമുഖം, ബാല്‍ അല്‍ മന്ദിബ് ഇടനാഴി തുടങ്ങിയ മേഖലകളില്‍ ഇസ്രായേല്‍ കപ്പലുകളെ ലക്ഷ്യമിട്ട് നിരവധി തവണ ഹൂത്തികള്‍ അക്രമമമഴിച്ചു വിട്ടിരുന്നു.

ALSO READ: ടൂത്ത് പേസ്റ്റ് കവറിനുള്ളിലാക്കി മുതലക്കുഞ്ഞുങ്ങളെ കടത്താന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍

ഇറാന്റെ നിയന്ത്രണത്തിലും സഹായത്തിലുമാണ് ഹൂത്തികള്‍ ഇസ്രായേലിന് നേരെ ആക്രമണം നടത്തുന്നതെന്ന് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു.

അതേസമയം, ഇസ്രായേല്‍ ആക്രമണം കൊണ്ട് ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ നല്‍കുന്നതില്‍ നിന്ന് തങ്ങളെ തടയാനാവില്ലെന്ന് ഹൂത്തി സുപ്രിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചു. ഇസ്രായേല്‍ ആക്രമണം തങ്ങളുടെ നിശ്ചയദാര്‍ഡ്യം വര്‍ധിപ്പിക്കു മാത്രമേ ചെയ്യുവെന്നും പ്രതികരണത്തില്‍ വ്യക്തമാക്കി.

ഇസ്രായേല്‍ തുറമുഖങ്ങളും തീരപ്രദേശത്തുള്ള വാതക കേന്ദ്രങ്ങളും ലക്ഷ്യമാക്കി ഹൂത്തികള്‍ ആക്രമണം നടത്താന്‍ സാധ്യതയുള്ളതായാണ് റിപോര്‍ട്ട്.

ലബ്‌നാനില്‍ 24 മണിക്കൂറിനിടെ 105 മരണം
ലബനാനില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേല്‍ സൈന്യം. 24 മണിക്കൂറിനിടെ 105 പേര്‍ കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഉള്‍പ്പെടെ ഏഴാം ദിവസമാണ് വ്യോമാക്രമണം തുടരുന്നത്. ലബനാനില്‍ ഇസ്രായേല്‍ കരയുദ്ധത്തിനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റുല്ലക്ക് പിന്നാലെ മറ്റൊരു മുതിര്‍ന്ന നേതാവായ നബീല്‍ ഖാഊകിനെയും ഇസ്രായേല്‍ വധിച്ചു. ഹിസ്ബുല്ല സെന്‍ട്രല്‍ കൗണ്‍സില്‍ ഉപമേധാവി നബീല്‍ ഖാഊക് ശനിയാഴ്ച വൈകീട്ട് ബൈറൂതിലെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

ഹസന്‍ നസ്‌റുല്ല വധം രാജ്യത്തും പുറത്തും കനത്ത പ്രതിഷേധാഗ്‌നി പടര്‍ത്തുകയും പ്രതികാരത്തിന് സമ്മര്‍ദം ശക്തമാകുകയും ചെയ്യുന്നതിനിടെയാണ് ഇസ്രായേല്‍ തുടരുന്ന കനത്ത ആക്രമണം.