23
Jan 2025
Sat
23 Jan 2025 Sat
PC George apologizes for anti-Muslim speech

കോട്ടയം: മുസ്ലിംകള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ കേസെടുത്തതിന് പിന്നാലെ ബിജെപി നേതാവ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത.(Hate speech against Muslims; Police preparing to arrest PC George)  മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അന്തിമ അനുമതിക്ക് ശേഷമാകും അറസ്റ്റ് നടപടികളിലേക്ക് നീങ്ങുകയെന്നാണ് അറിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജോര്‍ജിന് നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്യാനാണ് സാധ്യത. അതേസമയം, അറസ്റ്റ് ഒഴിവാക്കാന്‍ ജോര്‍ജ് ഇന്ന് മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നതായും അറിയുന്നു.

മുസ്‌ലിംകള്‍ മുഴുവന്‍ വര്‍ഗീയവാദികളാണെന്ന പരാമര്‍ശത്തില്‍ ഇന്നലെയാണ് ഈരാറ്റുപേട്ട പൊലീസ് ജോര്‍ജിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്.

മതസ്പര്‍ദ്ധ വളര്‍ത്തല്‍, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശത്തില്‍ എസ്ഡിപിഐ, യൂത്ത് ലീഗ്, പിഡിപി ഉള്‍പ്പെടെ പരാതികള്‍ നല്‍കിയിരുന്നു. ജനുവരി ആറിന് ‘ജനം ടിവി’യില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പിസി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം.

ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു വിവാദ പരാമര്‍ശം. മുസ്‌ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നും ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞു.

മുസ്ലിം ലീഗ് നേതാക്കളും കെ ടി ജലീലും എസ്ഡിപിഐയും പിഡിപിയും ജമാഅത്തെ ഇസ്ലാമിയും യോഗം ചേര്‍ന്നാണ് ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയതയുണ്ടാക്കിയാണ് തന്നെ പരാജയപ്പെടുത്തിയത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് കളി നടക്കുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ വിക്കറ്റ് പോകുമ്പോള്‍ കയ്യടിക്കുന്നവരാണ് മുസ്ലിംകള്‍ എന്നും പി സി ജോര്‍ജ് ആരോപിച്ചു

ഇക്കാര്യങ്ങള്‍ ചുണ്ടിക്കാട്ടി വിഡിയോ സഹിതമാണ് ഈരാറ്റുപേട്ട മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, പിഡിപി തുടങ്ങി സംഘടനകള്‍ പരാതി നല്‍കിയത്.

പിസി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഗുരുതരമായ മുസ്ലിം വിദ്വേഷ പരാമര്‍ശത്തില്‍ കേസെടുക്കാന്‍ വൈകുന്നതായും ആക്ഷേപമുയര്‍ന്നിരുന്നു.

ഏഴോളം പരാതികളാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ ഒന്നില്‍ പോലും നടപടി സ്വീകരിക്കാതെ അനങ്ങപ്പാറ നയം സ്വീകരിക്കുകയായിരുന്നു പോലീസ്.

പ്രതിഷേധം ശക്തമായതിന് പിന്നാലെ ഇന്നലെ ഉച്ചയോടെ ഈരാറ്റുപേട്ട പൊലീസ് പരാതിക്കാരുടെ മൊഴിയെടുത്തിരുന്നു. പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് യഹിയ സലീമിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്.