ജോധ്പൂര്‍: ഗാന്ധിജിയുടെ ഈശ്വര്‍ അല്ലാഹ് തേരാ നാം സബ്‌കോ സന്‍മതി ദേ ഭഗവാന്‍ എന്ന ഗാനം ഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പാടുന്നത് തെറ്റാണെന്ന് വിഎച്ച്പി നേതാവ്. ജോധ്പൂരില്‍ നടന്ന ത്രിശൂല്‍ ദീക്ഷാ ചടങ്ങിലാണ് ആര്‍എസ്എസ് പ്രചാരകനും വിശ്വഹിന്ദു പരിഷത്തിന്റെ ജില്ലാ തലവനുമായ ഈശ്വര്‍ ലാല്‍ വിവാദ പ്രസ്താവന നടത്തിയത്. ഈ ഗാനം പാടാന്‍ തുടങ്ങിയത് മുതല്‍ ഹിന്ദുക്കള്‍ പ്രശ്‌നത്തിലാണെന്നും പ്രസംഗത്തില്‍ പറയുന്നുണ്ട്.ഈ ഗാനം മുസ്‌ലിംങ്ങള്‍ അവരുടെ പള്ളികളില്‍ പാടില്ല. ഇക്കാര്യങ്ങളില്‍ ഹിന്ദുക്കള്‍ ബോധവാന്‍മാരാവേണ്ടതുണ്ട്. ഹിന്ദുക്കള്‍ വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിക്കണമെന്നും സ്വയം പ്രതിരോധിക്കാന്‍ ഇത് ആവശ്യമാണെന്നും വിവാദ പ്രസംഗത്തില്‍ പറയുന്നു.
|
ഒന്നാം ശത്രു ക്രിസ്ത്യാനികളാണെന്നും രണ്ടാം ശത്രു മുസ്‌ലിം ആണെന്നും ഇയാളുടെ വിവാദ പ്രസംഗത്തില്‍ പറയുന്നു. മുസ് ലിംങ്ങളാണ് ഇന്ത്യയില്‍ തൊട്ടുകൂടായ്മ കൊണ്ടുവന്നതെന്നും വരും കാലങ്ങളില്‍ മുസ് ലിംങ്ങള്‍ ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍ കൈക്കലാക്കുമെന്നും ഈശ്വര്‍ലാല്‍ പ്രസംഗത്തില്‍ പറയുന്നുണ്ട്. ലവ് ജിഹാദിനെ കുറിച്ചും സ്ത്രീവിരുദ്ധമായ പ്രസ്താവനകളുമാണ് 39 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉള്ളത്.ഡിസംബര്‍ മൂന്നിന് പുറത്തിറങ്ങിയ വിവാദ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടും ജില്ലാ നേതാവിനെതിരേ യാതൊരു കേസും രജിസ്ട്രര്‍ ചെയ്തിട്ടില്ല.



