ഹാഥ്രസ് കേസിൽ ജയിലിൽ കഴിയവെ ആശുപത്രിയിലേക്ക് മാറ്റിയ കാംപസ് ഫ്രണ്ട് നേതാവ് അതീഖുർ റഹ്മാന്റെ ആരോഗ്യനില മോശമായി. അദ്ദേഹത്തിന്റെ വലതുകൈയും വലതുകാലും അനങ്ങുന്നില്ലെന്ന് അതീഖിന്റെ സഹോദരൻ മൈതീൻ അറിയിച്ചു. നേരത്തേ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള അതീഖുർറഹ്മാൻ എയിംസിലായിരുന്നു ചികിൽസയ്ക്കു വിധേയനായിരുന്നത്. അതേസമയം ലഖ്നൗ ജയിലിൽ കഴിയുന്ന അതീഖുർ റഹ്മാന് ചികിൽസ തുടരാനാവാത്തതാണ് ആരോഗ്യനില മോശമാവുന്നതിന് കാരണമായത്.
|
ഹാഥ്രസിൽ സവർണരാൽ കൂട്ടബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ കുടുംബത്തെ കാണാനായി പോകവെയാണ് അതീഖുർ റഹ്മാൻ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റിലായത്.
ഹൃദയവാൽവുകളിൽ സുഷിരം അടയാത്ത അവസ്ഥ മൂലം 2007 മുതൽ ചികിൽസ തേടുന്ന വ്യക്തിയാണ് അതീഖുർ റഹ്മാൻ. ഇതിന്റെ ഭാഗമായാണ് എട്ടുമാസം മുമ്പ് അതീഖുർ റഹ്മാന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായത്. എന്നാൽ ജയിലിൽ കഴിയുന്ന അതീഖുർ റഹ്മാൻ തുടർചികിൽസ അധികൃതർ നൽകിയില്ല. ഇതാണ് കാര്യങ്ങൾ വഷളാക്കിയതെന്ന് ഇപ്പോൾ ചികിൽസിക്കുന്ന ലഖ്മൗവിലെ കിങ് ജോർജ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ഡോക്ടർമാർ പറഞ്ഞതെന്നും മരണത്തിനും ജീവനുമിടയ്ക്കാണ് തന്റെ സഹോദരൻ ഇപ്പോൾ കഴിയുന്നതെന്ന് മൈതീൻ പറഞ്ഞു. എത്രയും വേഗം അതീഖുർ റഹ്മാനെ എയിംസിലെത്തിച്ച് തുടർ ചികിൽസയ്ക്കു വഴിയൊരുക്കണമെന്ന് മൈതീൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
2021 നവംബറിലായിരുന്നു എയിംസിൽ വച്ച് അതീഖുർ റഹ്മാനെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. മൂന്നുമാസം ഇവിടെ ചികിൽസയിൽ കഴിഞ്ഞിരുന്നു യുവാവ്. ആറുമാസത്തിനു ശേഷം തുടർ പരിശോധനയ്ക്കായി എത്തണമെന്ന് നിർദേശിച്ചാണ് എയിംസിലെ ഡോക്ടർമാർ അതീഖുറിനെ ഡിസ്ചാർജ് ചെയ്തത്.
ഇക്കാര്യം ആവശ്യപ്പെട്ട് അതീഖുർ ജയിൽ അധികൃതർക്ക് കത്തയച്ചെങ്കിലും അവർ ഇതിനു തയ്യാറായില്ല. ജയിൽ ഡോക്ടറെ കണ്ടാൽ മതിയെന്നായിരുന്നു സൂപ്രണ്ടിന്റെ നിർദേശം. ജയിൽ ഡോക്ടറാണ് അതീഖുർ റഹ്മാനെ ലഖ്നൗ ആശുപത്രിയിലേക്ക് റഫർ ചെയ്തത്. അതീഖുർ റഹ്മാനെ എയിംസിൽ ചികിൽസിക്കാൻ കൊണ്ടുപോവുന്നതിന് അനുമതി തേടി കോടതിയെ സമീപിക്കാനാണ് കുടുംബം ശ്രമിക്കുന്നത്.
മീററ്റിലെ ചൗധരി ചരൻ സിങ് യൂനിവേഴ്സിറ്റിയിലെ ലൈബ്രറി സയൻസ് ഗവേഷക വിദ്യാർഥിയായിരുന്നു യുപിയിലെ മുസഫര് നഗര് സ്വദേശിയായ അതീഖുർ റഹ്മാൻ. ജാമിയ മില്ലിയ ഇസ് ലാമിയയിലെ പിജി വിദ്യാർഥി മസൂദ് അഹമ്മദ്, ടാക്സി ഡ്രൈവർ മുഹമ്മദ് ആലം, മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ എന്നിവരാണ് അതീഖുർ റഹ്മാനൊപ്പം അറസ്റ്റിലായ മറ്റു നാലുപേർ. ഇതിൽ മുഹമ്മദ് ആലമിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.



