Heavy rain in Idukki; Mullpperiar dam open കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ വലിയ നാശനഷ്ടം. മുല്ലപ്പെരിയാര്‍ ഡാമില്‍ ഇന്ന് രാവിലെ 3 മണിക്ക് ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. ഇതോടെ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് രാവിലെ 8 മണി മുതല്‍ ഘട്ടം ഘട്ടമായി തുറക്കും. 13 ഷട്ടറുകളും ഉയര്‍ത്തി 5000 ഘനയടി വെള്ളം വരെ പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം.
|
പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് തമിഴ്‌നാട് കേരളത്തിന് മുന്നറിയിപ്പ് നല്‍കി. അതേസമയം, ഇടുക്കി ഹൈഡ്രോളിക് പ്രൊജക്ടിന്റെ ഭാഗമായ കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കല്ലാര്‍ ഡാമിലെ നാല് ഷട്ടറുകളാണ് തുറന്നത്.
അതസമയം, ഇടുക്കിയില്‍ രാത്രിയില്‍ ആരംഭിച്ച ശക്തമായ മഴ തുടരുകയാണ്. തൊടുപുഴ, ഇടുക്കി, നെടുംങ്കണ്ടം, കുമളി മേഖലയില്‍ മഴ ശക്തമാണ്. വണ്ടിപ്പെരിയാര്‍ കക്കി കവലയില്‍ വീടുകളില്‍ വെള്ളം കയറി. വെള്ളം കയറിയ വീടുകളില്‍ നിന്നുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി.
ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍ പൊട്ടിയതായി സംശയിക്കുന്നുണ്ട്. നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. കൂട്ടാര്‍,തേര്‍ഡ്ക്യാമ്പ്, സന്യാസിയോട്, മുണ്ടിയെരുമ, തൂക്കുപാലം, താന്നിമൂട്, കല്ലാര്‍ തുടങ്ങിയ ഇടങ്ങളില്‍ വെള്ളം കയറി
തോട് കര കവിഞ്ഞതിന്നെ തുടര്‍ന്ന് വീട്ടില്‍ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെ സമീപത്തുള്ള ഹോളിഡേ ഹോം ഡോര്‍മിറ്ററി ബില്‍ഡിങ്ങിലേക്ക് മാറ്റി. കുമളി ചെളിമട ഭാഗത്തും, ആന വിലാസം ശാസ്തനട ഭാഗത്തും വെള്ളം ഉയര്‍ന്നിട്ടുണ്ട്. പാറക്കടവില്‍ ഏലക്ക സ്റ്റോര്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി. ബാലഗ്രാമിലും നിരവധി വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായി വ്യാപാരികള്‍ പറയുന്നു.
ഇതിനിടെ നെടുങ്കണ്ടം തൂക്കുപാലം മേഖലകളില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഒലിച്ചു പോയി. സ്‌കൂട്ടറും കാറുമാണ് ഒലിച്ചു പോയത്. നെടുങ്കണ്ടം താന്നിമൂട് മേഖല ഒറ്റപ്പെട്ടു. മേഖലയിലേക്കുള്ള റോഡുകളില്‍ അഞ്ച് അടിയോളം വെള്ളം ഉയര്‍ന്നിട്ടുണ്ട്. നെടുങ്കണ്ടം- കമ്പം അന്തര്‍ സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. നൂറുകണക്കിന് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. കൂട്ടാറില്‍ ട്രാവലര്‍ ഒലിച്ചുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. മുണ്ടിയെരുമയില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മേഖലയില്‍ നിന്നും മാറ്റുകയാണ്. ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. വൈദ്യുതി പോസ്റ്റുകള്‍ നിലം പതിച്ചു.
അതേസമയം, ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യതയുണ്ടെന്നും അടുത്ത 24 മണിക്കൂറില്‍ ഇത് തീവ്രന്യൂനമര്‍ദ്ദമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
കേരള കര്‍ണാടക തീരത്തിനടുത്ത് അറബിക്കടലില്‍ ഇന്ന് ന്യൂനമര്‍ദ്ദം രൂപമെടുത്തേക്കും. ചൊവ്വാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Heavy rain continues to lash Idukki and nearby regions, causing a sharp rise in water levels at the Mullaperiyar Dam, which reached 136 feet early this morning.


