23
Jul 2025
Sun
23 Jul 2025 Sun
heavy rain kochi

(Heavy rain in kerala) തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശം. കോട്ടയത്തും എറണാകുളത്തും വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. കണ്ണൂരും വയനാടും അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്തമഴ തുടരുകയാണ്. കണ്ണൂരില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം കുറിച്ചിയില്‍ വീട് ഇടിഞ്ഞുവീണു. കുറിച്ചി പുത്തന്‍ കോളനി കുഞ്ഞന്‍ കവല ശോഭാ ഷാജിയുടെ വീടാണ് ഇടിഞ്ഞുവീണത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിന്റെ ഭിത്തിയും മതിലും അടക്കം ഇടിഞ്ഞുവീണു. ആറുപേരാണ് വീട്ടില്‍ താമസിച്ചിരുന്നത്. അപകടസമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കോട്ടയം ജില്ലയില്‍ രണ്ടുദിവസത്തിനുളളില്‍ 172 വീടുകള്‍ക്ക് ഭാഗികമായ നാശനഷ്ടമുണ്ടായി.

എറണാകുളം ജില്ലയില്‍ രണ്ടുദിവസത്തിനിടെ 19 വീടുകള്‍ക്ക് ഭാഗികമായ നാശനഷ്ടമുണ്ടായി. ഒരുവീട് പൂര്‍ണമായും തകര്‍ന്നു. പറവൂര്‍ താലൂക്കില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ട്. ജില്ലയില്‍ മഴയ്ക്ക് ഭാഗിക ശമനം. ഇടുക്കിയിലും തുടര്‍ച്ചയായി പെയ്ത മഴയ്ക്ക് ശമനമുണ്ട്. ജില്ലയില്‍ യെല്ലോ അലേര്‍ട്ടാണ്. ഖനനം, തോട്ടം മേഖലയിലെ ജോലികള്‍ എന്നിവയ്ക്ക് നിരോധനം തുടരുന്നു. പൊന്‍മുടി, കല്ലാര്‍ക്കുട്ടി, പാംബ്ല, മലങ്കര ഡാമുകള്‍ തുറന്ന് വെളളം ഒഴുക്കുന്നത് തുടരുകയാണ്.

ALSO READ: റെയില്‍വേ സ്റ്റേഷനിലിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ ട്രാക്കിലൂടെ എത്തിയ ട്രെയിനിടിച്ച് കോഴിക്കോട്ട് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട് കുറ്റ്യാടിയില്‍ ഇന്നലെ ശക്തമായ കാറ്റ് വീശി. പലയിടങ്ങളിലും മരം കടപുഴകി വീണു. പലയിടങ്ങളിലും വൈദ്യുതി പോസ്റ്റ് പൊട്ടി വീണു. വൈദ്യുതി മുടങ്ങിക്കിടക്കുകയാണ്. കുറ്റ്യാടിയില്‍ നിര്‍ത്തിയിട്ട കാറിനും ലോറിക്കും മുകളിലേക്ക് പോസ്റ്റ് വീണ് അപകടമുണ്ടായി. ആര്‍ക്കും പരിക്കില്ല.

അടുക്കത്ത് നീളംപാറ കമലയുടെ വീടിന് മുകളില്‍ തെങ്ങ് വീണു. ഓടിട്ട വീടിന് മുകളിലാണ് തെങ്ങ് വീണത്. കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കോഴിക്കോട് കട്ടിപ്പാറയില്‍ ഇന്നലെ കല്ലിടിഞ്ഞ് വീണ മണ്ണാത്തിയേറ്റ് മലയില്‍ ജാഗ്രത തുടരുകയാണ്.

കണ്ണൂരില്‍ ശക്തമായ മഴ തുടരുന്നു. ആറളം കക്കുവാപുഴയിലും ബാവലിപ്പുഴയിലും കുത്തൊഴുക്ക് ശക്തമായതോടെ പുനരധിവാസ മേഖലയില്‍ വെള്ളം കയറി. ബ്ലോക്ക് 13, 11 എന്നിവിടങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അമ്പതോളം കുടുംബങ്ങളെയാണ് ഇന്നലെ രാത്രി നാട്ടുകാര്‍ മാറ്റിയത്. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നു പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പത്തനംതിട്ടയില്‍ മഴയുടെ ശക്തി കുറഞ്ഞു, പമ്പ അച്ഛന്‍കോവില്‍ കക്കാട് നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നു. കക്കി ആനത്തോട് ഡാമില്‍ ജലനിരപ്പ് നീല മുന്നറിയിപ്പ് നിലയായ 973.36 മീറ്ററില്‍ എത്തി. പമ്പ , കക്കാട് നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

വയനാട്ടില്‍ ശക്തമായ മഴ തുടരുന്നു. തവിഞ്ഞാല്‍ തലപ്പുഴ പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. മക്കിമലയില്‍ കാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായാണ് സംശയം. പ്രദേശവാസികള്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ട്യൂഷന്‍ സെന്ററുകള്‍ക്കും, മതപഠന ക്ലാസുകള്‍ക്കും, സ്‌പെഷ്യല്‍ ക്ലാസുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഇന്ന് രാവിലെ എട്ടിന് സ്പില്‍വെ ഷട്ടറുകള്‍ ഉയര്‍ത്തും. ഷട്ടറുകള്‍ 75 സെന്റീമീറ്ററായി ഉയര്‍ത്തി 61 ക്യുമെക്സ് വെള്ളം ഒഴുകി വിടുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കണ്ണൂര്‍ (ഓറഞ്ച് അലര്‍ട്ട്: അടുത്ത മൂന്നു മണിക്കൂര്‍ മാത്രം) ജില്ലയില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

English News Summary:

Heavy rains have caused widespread damage in various parts of the state. Houses were damaged in Kottayam and Ernakulam. Heavy rains are continuing in various parts of the state, including Kannur and Wayanad. An orange alert has been declared in Kannur.