തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയില്‍ വനിതകള്‍ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചും വിവേചനങ്ങളെക്കുറിച്ചും പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ച്ച് ഇന്ന് പുറത്തുവിടും.(Hema Commission Report: Mollywood’s Secrets Coming Out today) 5 വര്‍ഷത്തിനു ശേഷമാണ് റിപോര്‍ട്ട് പുറത്തുവരുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നവയും അവരെ തിരിച്ചറിയാന്‍ സഹായിക്കുന്നവയുമായ ഭാഗങ്ങള്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് അനുസരിച്ച് ഒഴിവാക്കിയാണ് പ്രസിദ്ധീകരിക്കുക. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കമ്മിഷന് അപ്പീലും പരാതിയും നല്‍കിയ 5 പേര്‍ക്ക് 233 പേജുകള്‍ ഉള്‍പ്പെടുന്ന ഭാഗം ഇന്ന് 4 മണിയോടെ കൈമാറുമെന്നാണ് അറിയിച്ചിട്ടുള്ളത്.
|
ഏതൊക്കെ ഭാഗങ്ങള്‍ നല്‍കുമെന്നും ഏതൊക്കെ ഒഴിവാക്കുമെന്നും വ്യക്തമാക്കി അപേക്ഷകര്‍ക്ക് നോട്ടിസ് നല്‍കാന്‍ സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ.എ.എ.ഹക്കീം നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് 82 പേജുകളും വിവിധ പേജുകളിലായി 115 ഖണ്ഡികകളും ചില വരികളും ഒഴിവാക്കുന്നതായി അറിയിച്ചിട്ടുണ്ട്.
എന്താണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപോര്‍ട്ട് (Justice Hema commission report)
2017 ഫെബ്രുവരിയില്‍ ഒരു യുവനടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടു. നീതിയും ന്യായവും തേടിയുള്ള പോരാട്ടത്തില്‍ യുവനടിയോട് ഐക്യപെടേണ്ടത് തങ്ങളുടെ കടമയാണെന്ന് ചലച്ചിത്രമേഖലയിലെ ഒരു വിഭാഗം വനിതാ പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു. നിരുപാധിക പിന്തുണയുമായി അവര്‍ രംഗത്തെത്തി. അങ്ങനെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അഥവാ ഡബ്ല്യു സി സി രൂപീകൃതമായി.

വനിതാ അഭിനേതാക്കള്‍, നിര്‍മ്മാതാക്കള്‍, സംവിധായകര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരടങ്ങുന്നതാണ് ഡബ്ല്യുസിസി. സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു പാനലിനെ നിയോഗിക്കണമെന്ന് അന്നത്തെ ഇടതുപക്ഷ സര്‍ക്കാരിനോട് ഡബ്ല്യുസിസി അഭ്യര്‍ത്ഥിച്ചു. അങ്ങനെ 2017 ജൂലൈയിലാണ് ഹേമാ കമ്മിറ്റിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണിത്. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു ലക്ഷ്യം. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഇത്തരത്തിലുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടായിരുന്നു.

Siddique (Centre) meeting press after AMMA meeting
റിപോര്‍ട്ട് സമര്‍പ്പിച്ചത് 2019ല്‍
2019 ഡിസംബര്‍ 31ന് ആണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. അനുബന്ധ രേഖകളും സ്‌ക്രീന്‍ഷോട്ടുകളും ഓഡിയോ ക്ലിപ്പുകളും ഒപ്പം സമര്‍പ്പിച്ചു. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള കാര്യങ്ങള്‍ മലയാള സിനിമാ മേഖലയിലുണ്ടെന്ന കണ്ടെത്തല്‍ അതുമായി ബന്ധപ്പെട്ടവരുടെ സാക്ഷ്യപത്രമടക്കം റിപ്പോര്‍ട്ടിലുണ്ട്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം സിനിമാസെറ്റുകളില്‍ വ്യാപകമാണെന്നും കണ്ടെത്തലുണ്ട്. ഇതൊക്കെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഒരു ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നും കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
പൂഴത്തിവച്ച് സര്‍ക്കാര്‍
ഹേമ കമ്മിറ്റി രൂപീകരിക്കുന്നതിലുള്ള ഉല്‍സാഹം റിപോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാര്‍ കാണിച്ചില്ല. 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 1,06,55,000 രൂപയാണ് ഹേമ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവാക്കിയത്. ഇത്രയധികം തുക ചെലവാക്കിയ ഒരു കാര്യമാണ് തുടര്‍നടപടിയില്ലാതെ വര്‍ഷങ്ങളോളം ഫയലില്‍ കുടുങ്ങിക്കിടന്നത്. റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ ഡബ്ല്യുസിസി അടക്കം പലരും പ്രതിഷേധവുമായി രംഗത്തെത്തി.
വ്യാപക പ്രതിഷേധമുയര്‍ന്നതോടെ അടുത്ത ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാനായി സമിതി രൂപീകരിച്ചു. ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറി, സാംസ്‌കാരിക വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി, നിയമ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി എന്നിവരടങ്ങിയതായിരുന്നു സമിതി. എന്നാല്‍, ഈ സമിതി എന്താണ് ചെയ്തത് എന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നില്ല.
വിവരാവകാശ കമ്മീഷന്റെ ഇടപെടല്‍
ജൂലൈ 6ന് ആണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് വന്നത്. ജൂലൈ 25നകം റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ എ എ അബ്ദുല്‍ ഹക്കീം ഉത്തരവിട്ടത്. ആര്‍ടിഐ നിയമപ്രകാരം വിലക്കെപ്പട്ടവ ഒഴിച്ച് ഒരു വിവരവും മറച്ചുവയ്ക്കരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് വിളിച്ചുവരുത്തി വായിച്ചശേഷമാണ്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന പരാതിയില്‍ വിവരാവാകാശ കമ്മിഷന്‍ ഉത്തരവിട്ടത്.
റിപ്പോര്‍ട്ട് പുറത്തുവിടുമ്പോള്‍ അതില്‍ പരാമര്‍ശമുള്ള വ്യക്തികളുടെ സ്വകാര്യത ഹനിക്കരുതെന്ന് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ 49 പേജിലെ 96ാം ഖണ്ഡികയും 81 മുതല്‍ 100 വരെയുള്ള പേജുകളും 165 മുതല്‍ 196 വരെയുള്ള ഭാഗങ്ങളും അനുബന്ധവും പുറത്തുവിടരുതെന്നും ഉത്തരവില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.


