ഗസ്സയില്‍ ഹമാസിനെ ഒതുക്കാനുള്ള ശ്രമം എങ്ങുമെത്താതെ നില്‍ക്കുന്നതിനിടയില്‍ മറ്റൊരു യുദ്ധമുഖം കൂടി തുറന്നിരിക്കുയാണ് ഇസ്രായേല്‍. ലബ്‌നാനെയാണ് ഇക്കുറി ഇസ്രായേല്‍ ഉന്നമിട്ടിരിക്കുന്നത്.(Hezbollah ready to fight; Can Israel afford another war?) മേഖലയെ കൂടുതല്‍ സംഘര്‍ഷത്തിലേക്കു നയിച്ച് അമേരിക്കയെ ഉള്‍പ്പെടെ കളത്തിലിറക്കാനാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശ്രമിക്കുന്നതെന്നു വേണം കരുതാന്‍.
|
ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ തുടങ്ങിയ ആക്രമണം ഒരു ദിവസം പിന്നിടുമ്പോള്‍ 569 പേര്‍ മരിക്കുകയും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ 50ലേറെ പേര്‍ കുട്ടികളാണ്. എന്നാല്‍, ലബ്‌നാനിലെ പോരാട്ടം ഇസ്രായേലിന് അത്രക്ക് എളുപ്പമാവില്ലെന്നാണ് മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ പറയുന്നത്. കരുതലോടെ കളിക്കുന്ന ഹിസ്ബുല്ല ഇസ്രായേലിന്റെ പ്രതീക്ഷകള്‍ തകിടം മറിച്ചേക്കും.
ഹമാസിനെതിരായ യുദ്ധം ഇസ്രായേല്‍ സൈന്യത്തെ തളര്‍ത്തിയിട്ടുണ്ട്. ആവശ്യത്തിന് സൈനികരെ ഇസ്രായേലിന് ലഭ്യമാവുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഗസ്സയില്‍ നൂറുകണക്കിന് സൈനികരാണ് ഗുരുതര പരിക്കേറ്റത്. വിശ്രമമില്ലാത്ത സേവനം മൂലം മാനസികമായി തകര്‍ന്ന നിലയിലാണ് മിക്ക സൈനികരും.

ഇതിന് പുറമേ സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട്. ബന്ദികളെ തിരിച്ചെത്തിക്കാനും വെടിനിര്‍ത്തലിനുമായി വലിയ സമ്മര്‍ദം പൊതുജനങ്ങളില്‍ നിന്നും ഇസ്രായേല്‍ ഭരണകൂടം നേരിടുന്നുമുണ്ട്. രാജ്യത്തുടനീളം ലക്ഷക്കണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ഇതിനിടയിലാണ് പുതിയ പോര്‍മുഖം രാജ്യം തുറന്നിരിക്കുന്നത്.
ഹിസ്ബുല്ല ഹമാസല്ലെന്നും ഇസ്രായേലിന് യുദ്ധം ജയിക്കുക എളുപ്പമാവില്ലെന്നുമാണ് തെല്‍ അവീവിലെ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസ് മുതിര്‍ന്ന ഗവേഷകനും മൂന്ന് പ്രധാനമന്ത്രിമാര്‍ക്ക് കീഴില്‍ ദേശീയ സെക്യൂരിറ്റി കൗണ്‍സിലില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത യോയേല്‍ ഗുസാന്‍സ്‌കി പറയുന്നത്. രാജ്യത്തിനകത്ത് തന്നെയുള്ള മറ്റൊരു രാജ്യമാണ് ഹിസ്ബുല്ല. ഹമാസിന്റേതില്‍ നിന്ന് വ്യത്യസ്ഥമായി വന്‍ ആയുധ ശേഖരം ഹിസ്ബുല്ലയ്ക്കുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇറാനാണ് ഹിസ്ബുല്ലയുടെ ബലം. യുദ്ധം ഇനിയും നീണ്ടുപോവുകയാണെങ്കില്‍ ആളും അര്‍ഥവും നല്‍കി ഹിസ്ബുല്ലയെ പിന്തുണക്കാന്‍ ഇറാനുണ്ടാവും. 30,000 മുതല്‍ 50,000 വരെ സൈനികര്‍ ഹിസ്ബുല്ലക്ക് ഉണ്ടാവുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്.
ALSO READ: നെതന്യാഹുവിനെ വധിക്കാനുള്ള പദ്ധതിയുമായി ചാവേറുകള്‍; പിടിയിലായവരില്‍ ഇസ്രായേലിയും
നേരത്തേ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല പറഞ്ഞത് ഒരു ലക്ഷം പേരുടെ പട തങ്ങള്‍ക്ക് സ്വന്തമായി ഉണ്ടെന്നാണ്. രണ്ട് ലക്ഷത്തോളം റോക്കറ്റുകളും അവരുടെ കൈവശമുണ്ട്. 250 മുതല്‍ 300 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുള്ള 1500 ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലും ഹിസ്ബുല്ലയുടെ കരുത്താണ്.
ഇസ്രായേലിന്റെ റാമത് ഡേവിഡ് എയര്‍ബേസ് ലക്ഷ്യമാക്കി അവര്‍ തൊടുത്തത് ഈ ബാലിസ്റ്റിക് മിസൈലുകളായിരുന്നു. അയേണ്‍ ഡോമിന്റെ പ്രതിരോധം ഭേദിച്ച് ഇവയില്‍ പലതും ലക്ഷ്യത്തില്‍ പതിച്ചിരുന്നു.
ഇസ്രായേലിന് നേരിടാനുള്ള മറ്റൊരു വെല്ലുവിളി സാമ്പത്തിക പ്രതിസന്ധിയാണ്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റിന്റെ കണക്ക് പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വലിയ പ്രതിസന്ധിയാണ് ഇസ്രായേല്‍ സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്നത്. ലബ്‌നാനില്‍ കൂടി യുദ്ധം തുടങ്ങിയാല്‍ ഈ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുമെന്ന് ഉറപ്പാണ്.

യുദ്ധം മൂലം 67 ബില്യണ്‍ ഡോളറിന്റെ ചെലവ് 2023നും 2025നും ഇടയില്‍ ഉണ്ടാവുമെന്നാണ് ഇസ്രായേല്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അമിര്‍ യാരോണ്‍ പറയുന്നത്. ഇത് ഇസ്രായേല്‍ ജി.ഡി.പിയുടെ 13 ശതമാനം വരും. സാധാരണ മിലിറ്ററിക്കായി മാറ്റിവെക്കുന്ന തുകക്ക് പുറമേയാണിത്. ഹിസ്ബുല്ലയുമായിട്ടുള്ള പോര് ഇസ്രായേലിനെ സാമ്പത്തികമായി കൂടുതല്‍ തകര്‍ക്കുമെന്ന് തന്നെയാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.
ലബ്‌നാനിലും യുദ്ധമുഖം തുറന്നതിനെതിരേ ഇസ്രായേലിനകത്ത് നിന്ന് ഭിന്നാഭിപ്രായം ഉയരുന്നുണ്ട്. രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയിലുള്ള ആയിരക്കണക്കിനാളുകള്‍ വീടുകളൊഴിഞ്ഞു പോയിട്ടുണ്ട്. വീടുകളിലേക്ക് തിരിച്ചു പോകാന്‍ സംവിധാനമൊരുക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നതിനിടയിലാണ് ഇസ്രായേല്‍ ആക്രമണം കനിപ്പിച്ചിരിക്കുന്നത്.
ഹിസ്ബുല്ലയുമായുള്ള യുദ്ധം മേഖലയിലെ മറ്റു രാജ്യങ്ങളെ കൂടി സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കുമെന്നും ഇസ്രായേലിലെ ഒരു വിഭാഗം ജനങ്ങള്‍ ഭയപ്പെടുന്നു. ഇത് ഗസയുമായുള്ള വെടിനിര്‍ത്തല്‍ അസാധ്യമാക്കുമെന്നും ബന്ദികളുടെ കാര്യം അപകടത്തിലാക്കുമെന്നും ഭീതി ഉയരുന്നുണ്ട്.


