17
Sep 2024
Sun
17 Sep 2024 Sun
Iranian plot to assassinate Benjamin Netanyahu

ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി നല്‍കാന്‍ ഇറാനും ഹിസ്ബുല്ല ഉള്‍പ്പെടെയുള്ള പോരാളി സംഘടനകളും പദ്ധതി തയ്യാറാക്കിയതായി റിപോര്‍ട്ട്. (Plot to assassinate Netanyahu; An Israeli was among those arrested) ഇസ്രായേലില്‍ നുഴഞ്ഞു കയറി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ചാര സംഘടനാ തലവന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയതായാണ് മൊസാദ് വെളിപ്പെടുത്തുന്നത്. ടൈംസ് ഓഫ് ഇസ്രായേലാണ് ഇത് സംബന്ധമായ റിപോര്‍ട്ട് പുറത്തുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ഉന്നത ഇസ്രായേല്‍ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഇറാനിയന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നാരോപിച്ച് ഒരു ജൂതനെ ഇസ്രായേല്‍ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തതോടെയാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. പ്രതികാര നടപടിക്ക് ജൂതന്‍മാരെ ഉള്‍പ്പെടെ രംഗത്തിറക്കാന്‍ ഇറാന്‍ ഏജന്‍സികള്‍ക്ക് കഴിഞ്ഞത് ഇസ്രായേല്‍ ഭരണകൂടത്തെ മാത്രമല്ല അമേരിക്കയെയും അമ്പരപ്പിച്ചിട്ടുണ്ട്.

ഇസ്രയേല്‍ പൗരനായ 73 കാരനെ കഴിഞ്ഞ മാസമാണ് ഇസ്രായേല്‍ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നതെങ്കിലും ഇപ്പോഴാണ് ഈ വിവരം പോലീസും ഇസ്രയേലി സുരക്ഷാ ഏജന്‍സിയും സ്ഥിരീകരിച്ചിരിക്കുന്നത്.

ALSO READ: കനത്ത തിരിച്ചടിയുമായി ഹിസ്ബുല്ല; പ്രതിരോധിച്ച് ഇസ്രായേല്‍

അഷ്‌കെലോണിലെ താമസക്കാരനായ ഈ ജൂതന്‍ രണ്ടുതവണ ഇറാനില്‍ പോയി പണം സ്വീകരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ തുര്‍ക്കിയില്‍ ദീര്‍ഘകാലം താമസിച്ചിരുന്നു. തുര്‍ക്കി ഇറാനിയന്‍ പൗരന്മാരുമായി ബിസിനസ്സ് സാമൂഹിക ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇസ്രായേല്‍ അധികൃതര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇയാള്‍ക്ക് ചുമതലകള്‍ നല്‍കിയത്. നിശ്ചിത സ്ഥലങ്ങളില്‍ പണവും ആയുധങ്ങളും എത്തിക്കുക, രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കുക, ഇസ്രായേല്‍ പൗരന്മാരെ സ്വാധീനിക്കുക തുടങ്ങിയ അസൈന്‍മെന്റുകളാണ് ഇയാള്‍ക്ക് നല്‍കിയിരുന്നത്.

Pro palestinian protesters

ആഗസ്തില്‍ ഇയാള്‍ രണ്ടാമതും ഇറാനിലേക്ക് പോയി. അവിടെ വച്ച് നെതന്യാഹു, ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഷിന്‍ ബെറ്റ് മേധാവി റോണന്‍ ബാര്‍ എന്നിവര്‍ക്കെതിരായ നീക്കങ്ങള്‍ക്ക് സഹായിക്കാന്‍ പ്രത്യേക ചുമതല നല്‍കിയതായാണ് ഇസ്രയേല്‍ സുരക്ഷാ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്.

ഇസ്രായേല്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് അറസ്റ്റിലായ ഇസ്രയേല്‍ പൗരന്‍ ഉന്നതരെ വധിക്കാനുള്ള സഹായത്തിനായി മുന്‍കൂറായി ഒരു മില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടെങ്കിലും ഇത് തുടക്കത്തില്‍ തന്നെ നല്‍കാതെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് മാത്രമായി 5,000 യൂറോയാണ് ഇറാന്‍ നല്‍കിയതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ കണ്ണുവെട്ടിച്ച് ഇസ്രായേലില്‍ വന്‍ ആക്രമണ പരമ്പര നടത്താന്‍ ഹമാസിന് കഴിഞ്ഞിട്ടുണ്ടെന്നിരിക്കേ പുതിയ സംഭവങ്ങള്‍ ഇസ്രായേലില്‍ കനത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മറുഭാഗത്ത് ഹിസ്ബുല്ല പോരാളികളും ഇസ്രായേലിലേക്ക് നുഴഞ്ഞു കയറാന്‍ പദ്ധതി തയ്യാറാക്കിയതായി ഇസ്രായേല്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 7ന് ഇസ്രായേലിലേക്ക് കടന്നു കയറിയ ഹമാസ് അംഗങ്ങളില്‍ ചിലരെങ്കിലും ഒളികേന്ദ്രങ്ങളിലുണ്ടെന്ന ആശങ്ക ഇസ്രായേലി അധികൃതര്‍ക്കുണ്ട്. ഇപ്പോള്‍ ചാരപ്രവര്‍ത്തനത്തിന് പിടികൂടപ്പെട്ട ഇസ്രായേല്‍ പൗരനെ ഇസ്രയേലിന് അകത്തുള്ള ഓപ്പറേഷന് സഹായം ചെയ്ത് നല്‍കാന്‍ മാത്രമാണ് ഇറാന്‍ ഏജന്‍സികള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇസ്രായേലില്‍ ഇതിനകം നുഴഞ്ഞു കയറിയ പോരാളികള്‍ക്ക് അവശ്യ സന്ദര്‍ഭങ്ങളില്‍ ആയുധങ്ങളും മറ്റും എത്തിച്ചു കൊടുക്കുക എന്നതായിരുന്നു ഇയാളെ ഏല്‍പ്പിക്കപ്പെട്ടിരുന്നത്.

വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ലബ്‌നാനില്‍ നടത്തിയ സ്ഫോടന പരമ്പരയ്ക്ക് ഇസ്രായേലിന് അകത്ത് തന്നെ വലിയ സ്ഫോടന പരമ്പര നടത്തി തിരിച്ചടി നല്‍കാനാണ് ഇറാന്‍ അനുകൂല സംഘടനകള്‍ ശ്രമിക്കുന്നത് എന്നാണ് അമേരിക്ക ഉള്‍പ്പെടെ സംശയിക്കുന്നത്.

അതുകൊണ്ടുതന്നെ അതീവ ജാഗ്രത പാലിക്കാന്‍ ഇസ്രായേല്‍ ഭരണകൂടത്തിനോടും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഇരട്ടിയിലധികമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അത് ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. വലിയ തോതിലുള്ള ആക്രമണത്തിന് പകരം ഇസ്രായേലി നേതാക്കളെ ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇറാന്‍ നടത്തുന്നതെന്നാണ് പുതിയ വെളിപ്പെടുത്തലുകളില്‍ നിന്ന് വ്യക്തമാവുന്നത്.