ഭാര്യയെ മാനസികാസ്വസ്ഥ്യം ഉള്ളവളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച യുവാവിന് 50000 രൂപ പിഴ ചുമത്തി കര്‍ണാടക ഹൈക്കോടതി. പിരിഞ്ഞുകഴിയുന്ന ഭാര്യക്കെതിരേയാണ് യുവാവ് കോടതിയിലെത്തിയത്. പിഴത്തുക ഭാര്യക്കാണ് നല്‍കേണ്ടത്.(high court imposes Rs 50,000 fine on man after he apporaches court to declare wife mentally unsound )
|
2020 നവംബറിലാണ് ഇരുവരും വിവാഹിതരായത്. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് മൂന്നു മാസത്തിനുശേഷം 26കാരിയായ ഭാര്യ ഭര്‍ത്താവിന്റടുത്ത് നിന്ന് തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി. 2022 ജൂണില്‍ യുവതി ഭര്‍ത്താവിനെതിരേ സ്ത്രീധനനിരോധന നിയമപ്രകാരം കേസ് നല്കി.
ഇതോടെ വിവാഹമോചനമാവശ്യപ്പെട്ട് ഭര്‍ത്താവ് കുടുംബകോടതിയെ സമീപിച്ചു. 2023 മാര്‍ച്ചില്‍ യുവാവ് ഭാര്യയെ മാനസികരോഗവിഭാഗത്തില്‍ കാണിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. മറ്റൊരാശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഭാര്യയുടെ മാനസിക പ്രായം 11 വര്‍ഷവും 8 മാസവും ആണെന്നു വ്യക്തമായിട്ടുണ്ടെന്നും ഇതിനാല്‍ വിവാഹം റദ്ദാക്കണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം. അതേസമയം താനൊരു അധ്യാപികയാണെന്നും നിരവധി സാങ്കേതിക പരീക്ഷകള്‍ പാസായിട്ടുണ്ടെന്നും വ്യക്തമാക്കുന്ന രേഖകള്‍ യുവതി കോടതിയില്‍ സമര്‍പ്പിക്കുകയും യുവാവിന്റെ വാദത്തെ തള്ളുകയും ചെയ്തു. തുടര്‍ന്നു കുടുംബകോടതി യുവാവിന്റെ ആവശ്യം തള്ളി.
കുടുംബകോടതി വിധിയെ ചോദ്യംചെയ്താണ് ഇയാള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ തന്റെ ഭാര്യയുടെ മാനസികനില ശരിയല്ലെന്ന് സ്ഥാപിക്കാനുള്ള ഭര്‍ത്താവിന്റെ ആവശ്യം ദൗര്‍ഭാഗ്യകരവും ക്രൂരതയെന്നും വിലയിരുത്തിയ കോടതി ഹരജിക്കാരന്റെ ആവശ്യം തള്ളുകയും അമ്പതിനായിരം രൂപ പിഴ ചുമത്തുകയുമായിരുന്നു.





