കൊച്ചി; കേരളത്തിൽ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. മത ആഘോഷപരിപാടികളിലും ഉത്സവങ്ങളിലും മറ്റും ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറങ്ങിയത്. പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് പ്രധാന മാര്‍ഗനിര്‍ദേശം. ജില്ലാ തല സമിതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കേണ്ടതെന്നും ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ. ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ഇറക്കിയ ഉത്തരവിൽ പറയുന്നു.
|
നല്ല ഭക്ഷണം, വിശ്രമം എന്നിവക്കൊപ്പം എഴുന്നള്ളിക്കാൻ ആവശ്യമായ സ്ഥലം, പൊതുജനങ്ങളിൽ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച് ഉറപ്പാക്കണം. എഴുന്നള്ളിപ്പിനിടെ എലിഫന്‍റ് സ്ക്വാഡ് എന്ന പേരിൽ ആളുകളെ നിയോഗിക്കരുത്. ആനകളെ പിടികൂടാൻ ക്യാപ്ച്ചർ ബെൽറ്റ് ഉപയോഗിക്കരുതെന്നും എന്നും കോടതി ഉത്തരവിട്ടു.
കോടതിയുടെ പ്രധാന മാര്‍ഗനിര്‍ദേശങ്ങൾ
* ആനയും തീവെട്ടിപോലുള്ള ഉപകരണങ്ങളും തമ്മിൽ അഞ്ച് മീറ്റര്‍ ദൂര പരിധിയുണ്ടായിരിക്കണം
* ജനങ്ങളും ആനയും തമ്മിൽ എട്ടു മീറ്റർ ദൂര പരിധി ഉറപ്പാക്കണം.
* ആനകള്‍ നിൽക്കുന്ന സ്ഥലത്ത് ബാരിക്കേഡ് സംവിധാനമുണ്ടാകണം.
* മാർഗ്ഗ നിർദേശങ്ങൾ പാലിക്കാത്ത എഴുന്നള്ളത്തുകൾക്ക് ജില്ലാതല സമിതി അനുമതി നൽകരുത്.
* തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിര്‍ത്തരുത്.
* ദിവസം 30 കി.മീ കൂടുതൽ ആനകളെ നടത്തിയ്ക്കരുത്.
* രാത്രി 10 മുതൽ രാവിലെ 4 മണി വരെ ആനയെ യാത്ര ചെയ്യിക്കരുത്.
* രാത്രിയിൽ ആനയ്ക്ക് ശരിയായ വിശ്രമ സ്ഥലം സംഘാടകർ ഉറപ്പു വരുത്തണം.
* ദിവസം 125 കി.മീ കൂടുതൽ ആനയെ യാത്ര ചെയ്യിക്കരുത്.
* പിടികൂടിയ ആനകളെ ഉപയോഗിക്കുമ്പോൾ ബന്ധപ്പെട്ട ജില്ലാ സമിതിയുടെ അനുമതി വാങ്ങണം.
* എഴുന്നള്ളിപ്പിനായി ഒരു മാസം മുൻപ് അപേക്ഷ സമർപ്പിക്കണം.
* ദിവസം ആറ് മണിക്കൂറിൽ കൂടുതൽ വാഹനത്തിൽ ആനയെ കൊണ്ടുപോകരുത്.
* ആനയെ കൊണ്ടു പോകുന്ന വാഹനത്തിന്‍റെ വേഗത 25 കി.മീറ്ററിൽ താഴെയാകണം.
* ആനയുടെ യാത്രയ്ക്കായി ഉപയോഗിക്കുന്ന വാഹനത്തിന് വേഗപ്പൂട്ട് നിർബന്ധം.
* രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ആനകളെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുത്.
* വെടിക്കെട്ട് സ്ഥലവും ആനയും തമ്മിൽ 100 മീറ്റർ ദൂര പരിധി വേണം


