തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഓൺലൈനായി ഉന്നതതലയോഗം ചേർന്നു. ചെറിയ തോതിൽ കോവിഡ് വർധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് യോഗശേഷം വ്യക്തമാക്കി. കോവിഡ് കേസിലുള്ള വർധനവ് നവംബർ മാസത്തിൽ തന്നെ കണ്ടിരുന്നു. അതനുസരിച്ച് മന്ത്രിതലത്തിൽ യോഗങ്ങൾ ചേർന്ന് ആരോഗ്യ വകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നുവെന്നും മാർഗനിർദേശങ്ങളും പുറത്തിറക്കിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
|
സ്റ്റേറ്റ് മെഡിക്കൽ ഓഫിസർമാരുടെ കോൺഫറൻസിൽ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. രോഗലക്ഷണമുള്ളവരിൽ കോവിഡ് പരിശോധന നടത്താനും ജനിതക ശ്രേണീകരണത്തിന് സാംപിളുകൾ ശേഖരിച്ച് അയയ്ക്കാനും നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതൽ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആശുപത്രികൾ കോവിഡ് രോഗികൾക്ക് പ്രത്യേക സൗകര്യമൊരുക്കണം. ഗുരുതരമല്ലാത്ത കോവിഡ് രോഗികളെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാതെ ജില്ലകളിൽ തന്നെ ചികിത്സിക്കണം. ഇതിനായി നിശ്ചിത കിടക്കകൾ ജില്ലകൾ മാറ്റിവയ്ക്കണം. ഓക്സിജൻ കിടക്കകൾ, ഐസിയു, വെന്റിലേറ്റർ എന്നിവ നിലവിലുള്ള പ്ലാൻ എ, ബി അനുസരിച്ച് ഉറപ്പ് വരുത്തണം. ഡയാലിസിസ് രോഗികൾക്ക് കോവിഡ് ബാധിച്ചാൽ ഡയാലിസിസ് മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം.
കോവിഡ് രോഗലക്ഷണമുള്ളവർക്ക് മാത്രം കോവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യം. ഗുരുതര രോഗമുള്ളവർ, പ്രായമായവർ, ഗർഭിണികൾ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണം. കോവിഡ് പോസിറ്റീവായാൽ ചികിത്സിക്കുന്ന ആശുപത്രിയിൽ തന്നെ ചികിത്സ ഉറപ്പാക്കണം. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണം. ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ എന്നിവരും മാസ്‌ക് ധരിക്കണം.
നിലവിലെ ആക്ടീവ് കേസുകളിൽ ബഹുഭൂരിപക്ഷം പേരും നേരിയ രോഗലക്ഷണങ്ങളുള്ളതിനാൽ വീടുകളിലാണുള്ളത്. മരണമടഞ്ഞവരിൽ ഒരാളൊഴികെ എല്ലാവരും 65 വയസിന് മുകളിലുള്ളവരാണ്. കൂടാതെ ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ തുടങ്ങിയ ഗുരുതര അനുബന്ധ രോഗങ്ങൾ ഉള്ളവരുമായിരുന്നു. ഫലം ലഭിച്ചതിൽ ഒരു സാമ്പിളിൽ മാത്രമാണ് ജെഎൻ-1 ഒമിക്രോൺ വേരിയെന്റാണ് സ്ഥിരീകരിച്ചത്. ആ വ്യക്തിക്ക് രോഗം ഭേദമാകുകയും ചെയ്തു.
ഓൺലൈൻ വഴി ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി, കെഎംഎസ് സിഎൽ മാനേജിങ് ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫിസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, സർവെലൻസ് ഓഫിസർമാർ, പ്രധാന ആശുപത്രികളിലെ സൂപ്രണ്ടുമാർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





