22
Aug 2022
Thu
22 Aug 2022 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥിനികളെ ഹിജാബ് ധരിക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതി. പ്ലസ് വൺ പ്രവേശനത്തിനെത്തിയ വിദ്യാർഥിനിയോട് ശിരോവസ്ത്രം അനുവദിക്കില്ലെന്നാണ് സ്‌കൂൾ അധികൃതർ അറിയിച്ചതെന്ന് രക്ഷിതാവ് പറയുന്നു. യൂണിഫോമിൽ ശിരോവസ്ത്രമില്ലെന്നാണ് പ്രിൻസിപ്പലിന്റെ വാദം.

 

തട്ടമിടാൻ പറ്റില്ലെന്നാണോ എന്ന് ആവർത്തിച്ച് ചോദിച്ചപ്പോൾ ഇവിടെ ഇങ്ങനെയാണ്, സൗകര്യമുണ്ടെങ്കിൽ കുട്ടിയെ ചേർത്താൽ മതിയെന്നും പ്രിൻസിപ്പൽ പറഞ്ഞതായി വിദ്യാർഥിനിയുടെ രക്ഷിതാവ് പറഞ്ഞു. ചില കുട്ടികള്‍ക്ക് മാത്രമായി യൂണിഫോമിൽ മാറ്റം വരുത്താനാകില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞെന്ന് ഇവർ പറയുന്നു. സ്കൂളിൽ താത്കാലിക അഡ്മിഷൻ എടുത്ത വിദ്യാർഥിനി സ്‌കൂൾ മാറാനൊരുങ്ങുകയാണ്.

 

മതാചാരത്തിന്റ ഭാഗമായ ശിരോവസ്ത്രമിടാന്‍ സംസ്ഥാനത്തെ ഭൂരിഭാഗം സ്കൂളുകളും അനുവാദം നൽകുന്നുണ്ടെന്നിരിക്കെയാണ് ഈ സംഭവം. ശിരോവസ്ത്രം ശിരോവസ്ത്രം അനുവദിക്കാത്തത് സംബന്ധിച്ച് കോഴിക്കോട് പ്രൊവിഡന്സ് സ്കൂളിനെതിരെ നേരത്തെയും പരാതി ഉയർന്നിട്ടുണ്ട്.

 

നേരത്തെ മാനന്തവാടി ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളില്‍ ശിരോവസ്ത്രം നിരോധിച്ചത് വലിയ വിവാദമായിരുന്നു. ഷാൾ ധരിച്ചെത്തിയ വിദ്യാർഥിനിക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷ്നസാണ് വിലക്കേർപ്പെടുത്തിയത്.‌‌ ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ വൻ പ്രതിഷേധം ഉയർന്നിരുന്നു.

 

നടപടി വിവാദമാവുകയും വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും ചെയ്തതോടെ ഒടുവിൽ മലക്കംമറിഞ്ഞ് ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിലെ പ്രധാനാധ്യാപിക രം​ഗത്തെത്തിയിരുന്നു.

 

മാനന്തവാടി ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ കുട്ടികൾക്ക് ഹിജാബ്, തട്ടം, ഷാൾ എന്നിവ ധരിക്കുന്നതിൽ നിരോധനം ഇല്ലെന്നായിരുന്നു പ്രധാനാധ്യാപിക പ്രസ്താവനയിൽ അറിയിച്ചത്. നിരോധനം ഏർപ്പെടുത്തി എന്നത് അടിസ്ഥാനരഹിതമാണെന്നും പ്രധാനാധ്യാപിക അവകാശപ്പെ‌ട്ടിരുന്നു.