ന്യൂഡല്‍ഹി: (Hindenburg research: SEBI chief Madhabi Puri Buch had stake in Adani entities)ഇന്ത്യന്‍ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയര്‍പേഴ്‌സന്‍ മാധബി പുരി ബുച്ചിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്.
|
മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും അദാനി ഗ്രൂപ്പിന്റെ വിദേശ രഹസ്യ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലാണ് അമേരിക്കന്‍ ഷോര്‍ട്ട് സെല്ലിങ് കമ്പനിയായ ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് നടത്തിയിരിക്കുന്നത്.
നേരത്തേ തങ്ങള്‍ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പില്‍ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും ശനിയാഴ്ച പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഇവര്‍ക്ക് നിക്ഷേപമുണ്ടായിരുന്നതിന്റെ തെളിവായി വിസില്‍ബ്ലോവര്‍ രേഖകളും പുറത്തുവിട്ടു.
ഐ.ഐ.എഫ്.എല്‍. പ്രിന്‍സിപ്പല്‍ അരുണ്‍ ചോപ്രയാണ് ഈ രേഖകളില്‍ ഒപ്പിട്ടിട്ടുള്ളത്. പണത്തിന്റെ സ്രോതസ്സായി കാണിച്ചിട്ടുള്ളത് ശമ്പളമാണ്. ഇരുവരുടെയും ആസ്തിയായി ഏകദേശം ഒരു കോടി ഡോളറാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
2023 ജനുവരി 24-ന് ഗ്രൂപ്പിനുനേരേ ഉന്നയിച്ച ആരോപണങ്ങള്‍ അദാനി നിഷേധിച്ചിരുന്നു. അന്വേഷണം നടത്തുന്നതിനുപകരം ഹിന്‍ഡെന്‍ബെര്‍ഗിനുനേരേ സെബി നോട്ടീസ് അയക്കുകയായിരുന്നു.
ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിക്ക് വലിയ നിക്ഷേപമുള്ള കമ്പനിയിലാണ് ബുച്ചും ഭര്‍ത്താവും നിക്ഷേപിച്ചത്. ബെര്‍മുഡയിലും മൗറീഷ്യസിലും പ്രവര്‍ത്തിക്കുന്ന ഫണ്ട് കമ്പനികളിലാണ് ബുച്ചിനും ഭര്‍ത്താവിനും ഓഹരികളുള്ളതായി വ്യക്തമായത്. ഈ കടലാസ് കമ്പനികളില്‍ 2015 കാലത്തായിരുന്നു ഇരുവരുടെയും നിക്ഷേപം.
2017ലാണ് മാധബി ബുച്ച് സെബി മുഴുസമയ അംഗമാകുന്നത്. 2022ല്‍ അധ്യക്ഷയുമായി. ബുച്ച് സെബിയില്‍ ചുമതലയേല്‍ക്കുന്നതിന് ആഴ്ചകള്‍ മുമ്പ് ഇരുവരുടെയും പേരിലെ നിക്ഷേപങ്ങള്‍ പൂര്‍ണമായി തന്റെ പേരിലാക്കാന്‍ അവരുടെ ഭര്‍ത്താവ് അപേക്ഷിച്ചിരുന്നതായും റിപ്പോര്‍ട്ട് ആരോപിക്കുന്നു
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഹിന്‍ഡന്‍ബെര്‍ഗ് അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട ഞെട്ടിക്കുന്ന റിപോര്‍ട്ട് ഓഹരി വിപണിയില്‍ കൂപ്പുകുത്തലിന് കാരണമായിരുന്നു. അദാനിയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞിരുന്നു. അദാനി കമ്പനികളില്‍ വലിയ തട്ടിപ്പ് നടക്കുന്നുവെന്നായിരുന്നു ആരോപണം.
വിദേശരാജ്യങ്ങളില്‍ കടലാസ് കമ്പനികള്‍ സ്ഥാപിച്ച് സ്വന്തം കമ്പനി ഓഹരികളിലേക്ക് നിക്ഷേപമൊഴുക്കി ഓഹരി വിലപെരുപ്പിച്ചുവെന്നും ഈ ഓഹരികള്‍ ഈട് നല്‍കി വായ്പകള്‍ ലഭ്യമാക്കിയെന്നുമായിരുന്നു അദാനിക്കെതിരായ പ്രധാന ആരോപണം.
അദാനി ഗ്രൂപ് ഓഹരികളുടെ വിപണി മൂല്യത്തില്‍ ഏകദേശം 12.5 ലക്ഷം കോടിരൂപയുടെ ഇടിവിന് ഇത് കാരണമായി. വിപണി ഗവേഷണം നടത്തി ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് വിപണിയില്‍ ഇടിവിന് വഴിയൊരുക്കുകയും ഇതിന് മുമ്പ് ഷോര്‍ട്ട് സെല്ലിങ് നടത്തി ലാഭമുണ്ടാക്കുകയുമാണ് ഹിന്‍ഡന്‍ബെര്‍ഗിന്റെ രീതി.
ആരോപണങ്ങള്‍ തള്ളി സെബി മേധാവി
അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ പണമിടപാടുകള്‍ തുറന്ന പുസ്തകമാണെന്നും മാധബിയും ഭര്‍ത്താവും പറഞ്ഞു. കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിന് ഹിന്‍ഡന്‍ബര്‍ഗ് പകവീട്ടുകയാണെന്നും അവര്‍ ആരോപിച്ചു.
ഹിന്‍ഡന്‍ബര്‍ഗ് കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. അത് പൂര്‍ണമായും തള്ളുകയാണ്. ഞങ്ങളുടെ ജീവിതവും സാമ്പത്തിക ഇടപാടുകളും തുറന്ന പുസ്തകമാണ്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സെബിക്ക് കൈമാറിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
സെബിയിലേക്ക് എത്തുന്നതിന് മുമ്പ് സാധാരണ പൗരന്‍മാരായി ഇരുന്ന സമയത്ത് തങ്ങള്‍ നടത്തിയ ഏത് ഇടപാടിന്റെ രേഖകളും പുറത്ത് വിടാന്‍ തയ്യാറാണ്. പൂര്‍ണമായും സുതാര്യത ഉറപ്പാക്കാനാണ് ഇപ്പോള്‍ വിശദമായ പ്രസ്താവന പുറത്തിറക്കുന്നതെന്നും അവര്‍ പറഞ്ഞു.
Content Highlights: Hindenburg Research alleges SEBI chief Madhabi Buch denies allegation


