ആഗ്ര: രാമനവമി ദിനം ഗോവധം നടത്തിയെന്ന് ആരോപിച്ച് മുസ്‍ലിം യുവാക്കൾക്കെതിരെ കള്ളക്കേസ് നൽകിയ ഹിന്ദു മഹാസഭ നേതാവും അനുയായികളും പിടിയിൽ. അഖിലഭാരത ഹിന്ദു മഹാസഭ ദേശീയ വക്താവ് സഞ്ജയ് ജാട്ട്, പ്രവർത്തകരായ ജിതേന്ദ്ര കുശ്വാഹ, ബ്രജേഷ് ഭദോറിയ, സൗരഭ് ശർമ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ (എസിപി) ആർകെ സിങ് പറഞ്ഞു.
|
യുപി ആഗ്രയിലെ ഗൗതം നഗറിൽ രാമനവമി ദിവസമായ മാർച്ച് 30ന് ഗോവധം നടത്തിയെന്നായിരുന്നു നാല് മുസ്‍ലിം യുവാക്കൾക്കെതിരെ നൽകിയ പരാതി. ജിതേന്ദ്ര കുശ്വാഹയായിരുന്നു പരാതി നൽകിയിരുന്നത്. ഈ പരാതിയിൽ പറയുന്ന യുവാക്കളിൽ രണ്ടു പേർ കശാപ്പുകാരുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ, ഈ യുവാക്കൾ ആ ദിവസം സംഭവം നടന്നെന്ന് പറയുന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി.
തുടർന്നാണ് ഈ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് സഞ്ജയ് ജാട്ട് ഉൾപ്പെടെയുള്ള നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. വർഗീയ-വിദ്വേഷ പ്രസ്താവനകൾ നടത്തി ഇയാൾ നേരത്തെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അറസ്റ്റിലായ ജിതേന്ദ്ര കുശ്വാഹയുടെ ഒരു സുഹൃത്ത് കശാപ്പുകാരനാണ്. ഇയാളുടെ ബിസിനസ് എതിരാളികളാണ് വ്യാജ പരാതിയിൽ ഉൾപ്പെട്ട രണ്ടു പേർ. വ്യക്തിവൈരാഗ്യം തീർക്കാൻ വേണ്ടിയാണ് മുസ്‍ലിം യുവാക്കൾക്കെതിരെ വ്യാജ പരാതി നൽകിയതെന്നും പൊലീസ് കണ്ടെത്തി. നാല് യുവാക്കൾക്കെതിരെ കേസ് കൊടുക്കാൻ തെരഞ്ഞെടുത്ത ദിവസവും രാമനവമി ആയതും ഗൂഢാലോചനയുടെ ഭാഗമാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
അതേസമയം, കേസിൽ അറസ്റ്റിലായവരെല്ലാം തങ്ങളുടെ പ്രവർത്തകരാണെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും കുറ്റം തെളിഞ്ഞാൽ ഇവരെ പുറത്താക്കുമെന്നും ഹിന്ദു മഹാസഭ അറിയിച്ചു.





