ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളികളിലൊന്നായ ഡല്‍ഹി ജുമാ മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രങ്ങള്‍ തകര്‍ത്താണെന്ന പുതിയ അവകാശവാദവുമായി തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുസേന പുരാവസ്തുവകുപ്പിന് (ASI) മുന്നില്‍. രാജസ്ഥാനിലെ ജോഥ്പൂരിലെയും ഉദയ്പൂരിലെയും ക്ഷേത്രങ്ങള്‍ തകര്‍ത്ത് അതിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണ് ഡല്‍ഹി ജുമാ മസ്ജിദ് നിര്‍മിച്ചതെന്നും അതിനാല്‍ പള്ളിയില്‍ സര്‍വേ നടത്തണമെന്നും ആവശ്യപ്പെട്ട് ഹിന്ദുസേന അധ്യക്ഷന്‍ വിഷ്ണു ഗുപ്തയാണ് പുരാവസ്തു വകുപ്പിന് കത്തയച്ചത്.
|
ജുമാ മസ്ജിദിന്റെ നിര്‍മാണത്തിന് ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ഉപയോഗിച്ചതായും ചില വിഗ്രഹങ്ങള്‍ ഹിന്ദുവികാരങ്ങളെ അവഹേളിക്കാന്‍ പള്ളിയുടെ ഗോവണിപ്പടിക്ക് താഴെ കുഴിച്ചിട്ടിരിക്കുകയാണെന്നും ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിന്ദുസേന ആരോപിച്ചു. ജുമാ മസ്ജിദിന്റെ നിര്‍മാണത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാന്‍ സര്‍വേ അനിവാര്യമാണ്. മുഗള്‍ ഭരണാധികാരി ഔറംഗസീബിന്റെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുക്കളെ അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഈ വാദങ്ങളെ ചരിത്രപരമായ തെളിവുകള്‍ പിന്തുണയ്ക്കുന്നുവെന്നും നിലവിലെ ഘടന കാലത്ത് അവിടെ ക്ഷേതങ്ങള്‍ നിലനിന്നിരുന്നതിന്റെ അടയാളങ്ങള്‍ ധാരാളമുണ്ടെന്നും സൂചനകളുണ്ടെന്നും വിഷ്ണു ഗുപ്ത ചൂണ്ടിക്കാട്ടി. വിദ്വേഷപ്രസംഗങ്ങള്‍ക്ക് പേരുകേട്ടയാളാണ് വിഷ്ണു ഗുപ്ത. ഇതിന്റെ പേരില്‍ വിവിധ നിയമനടപടികളും അദ്ദേഹം നേരിടുന്നുണ്ട്.
നേരത്തെ അജ്മീരിലെ ദര്‍ഗാ ശരീഫിന് താഴെ ശിവക്ഷേത്രമുണ്ടെന്നും അതു തകര്‍ത്താണ് ദര്‍ഗ സ്ഥാപിച്ചതെന്നും ചൂണ്ടിക്കാട്ടി ഹരജി നല്‍കിയതും ഹിന്ദുസേനയായിരുന്നു. ഈ ഹരജിയിലാണ് രാജസ്ഥാന്‍ കോടതി അജ്മീര്‍ ദര്‍ഗാ കമ്മിറ്റിക്കും പുരാവസ്തു വകിപ്പിനും നോട്ടീസയച്ചത്. ഈ കേസ് പരിഗണിക്കാനിരിക്കെയാണ് ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ പള്ളിയെയും തീവ്രഹിന്ദുത്വസംഘടന വിവാദത്തിലേക്ക് വലിച്ചിഴച്ചത്.
Hindu Sena makes new claim Delhi’s Jama Masjid was built by demolishing temples


