20
Nov 2024
Mon
20 Nov 2024 Mon

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ നടത്തിയ ദീപാവലി വിരുന്നിൽ നോൺ വെജ് വിളമ്പിയത് വിവാദം ആക്കി ഹിന്ദുത്വവാദികൾ. ഹിന്ദുക്കളുടെ പവിത്ര ആഘോഷത്തിൽ മദ്യവും മാംസവും വിളമ്പിയെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിരുന്നില്‍ മട്ടന്‍ കബാബ്, മാംസം, ബിയര്‍, വൈന്‍ എന്നിവ വിളമ്പിയെന്നാണ് ആരോപണം. 2023ല്‍ പ്രധാനമന്ത്രി റിഷി സുനക് നടത്തിയ ദീപാവലി വിരുന്നില്‍ മാംസാഹാരം ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനകള്‍ ഇതിനെ എതിർത്തത്.

ബ്രിട്ടീഷ് ഹിന്ദു പണ്ഡിറ്റായ സതീഷ് കെ. ശര്‍മ ആണ് വിവാദം പുറത്തു വിട്ടത്. പിന്നാലെ ഇത് മറ്റ് ഹിന്ദുത്വ സംഘടനകളും ഏറ്റെടുക്കുക യായിരുന്നു.

അദ്ദേഹത്തിൻ്റെ പോസ്റ്റ്:
‘കഴിഞ്ഞ 14 വര്‍ഷമായി 10 ഡൗണിങ് സ്ട്രീററ്റില്‍ ദീപാവലി ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ മദ്യവും മാംസവും ഇല്ലാതെയാണ് ഈ വിരുന്നുകള്‍ നടന്നിരുന്നത്. ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ അനുയായികള്‍ കാണിച്ച അശ്രദ്ധ വലിയ ദുരന്തമായി പോയി. ഹിന്ദു സമൂഹത്തെ നിരുത്സാഹപ്പെടുത്തുന്ന സന്ദേശമാണ് യു.കെ ഭരണകൂടം ഇതിലൂടെ നൽകിയത്. വിഷയത്തില്‍ സ്റ്റാര്‍മാര്‍ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കണമെന്നും സതീഷ് ശര്‍മ ആവശ്യപ്പെട്ടു.


ബ്രിട്ടനിലെ ഹിന്ദുക്കളെയും ഇന്ത്യക്കാരെയും പ്രതിനിധീകരിക്കുന്ന സംഘടനയായ ഇന്‍സൈറ്റ് യു.കെയും വിരുന്നിലെ മെനുവിൻ്റെ പേരിൽ അതൃപ്തി അറിയിച്ചു. ഹിന്ദുത്വ സംഘടനകളുടെ ആരോപണത്തില്‍ ഇതുവരെ ഡൗണിങ് സ്ട്രീറ്റുകള്‍ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞയാഴ്ച കെയ്ര്‍ സ്റ്റാര്‍മാരുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് ദീപാവലി വിരുന്ന് നടന്നത്. ബ്രിട്ടനിലെ ഇന്ത്യൻ സമൂഹ നേതാക്കൾ ഉള്‍പ്പെടെ വിരുന്നില്‍ പങ്കെടുത്തിരുന്നു. ദീപം തെളിയിക്കല്‍, കുച്ചിപ്പുടി അവതരണം അടക്കം സഘടിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വസതിയിലെ ദീപാവലി ആഘോഷം.

 

Hindutva activist against British Prime Minister Keir Starmer’s Diwali party