23
Mar 2023
Mon
23 Mar 2023 Mon

കൊച്ചി: ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റിൽ അഞ്ചാംദിവസമായ ഇന്നും പൂർണമായും തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. തീ പൂർണമായും നിയന്ത്രണവിധേയമായിട്ടില്ലാത്തതിനാൽ കൊച്ചിയിലെ വിവിധ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ ഭാഗികമായി അവധി പ്രഖ്യാപിച്ചു. വടവുകോട്, പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ സ്‌കൂളുകൾക്കും തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികളിലെയും കൊച്ചി കോർപ്പറേഷനിലെ സ്‌കൂളുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് അവധി. എന്നാൽ പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം താമസിയാതെ തന്നെ തീ പൂർണമായും കെടുത്താനാകുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. സമീപപ്രദേശങ്ങളിലുള്ളവരുടെ ആരോഗ്യം സംബന്ധിച്ച ആശങ്കവേണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജും വ്യക്തമാക്കിയിരുന്നു. കൃത്യമായ മുൻകരുതൽ വേണം. കൊച്ചിയിൽ എല്ലാവരും മാസ്‌ക് ധരിക്കണമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എൻ95 ഉൾപ്പടെ ഗുണനിലവാരമുള്ള മാസ്‌ക് വേണം ധരിക്കാൻ. വ്യാഴാഴ്ചയാണ് ബ്രഹ്‌മപുരത്ത് തീപിടിത്തമുണ്ടായത്. അഗ്‌നിരക്ഷാ സേനയുടെ 25 യൂണിറ്റുകളും നാവിക സേനയുടെ യൂണിറ്റും ബ്രഹ്‌മപുരത്ത് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.