29
Oct 2024
Sun
29 Oct 2024 Sun
Hospital patients in Gujarat were made BJP members without their knowledge

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും അംഗങ്ങളുള്ള പാര്‍ട്ടിയാണ് ബി.ജെ.പി എന്നാണ് അവരുടെ അവകാശവാദം. പത്തുകോടിയിലേറെ അംഗങ്ങളുണ്ടെന്നാണ് പാര്‍ട്ടി പറയുന്നത്. എന്നാല്‍ ഇതിലെ സത്യാവസ്ഥയില്‍ സംശയം ഉണ്ടാക്കുന്ന വിവാദമാണ് ഇപ്പോള്‍ ഗുജറാത്തില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ജുനഗഡിലെ ആശുപത്രിയില്‍ അഡ്മിറ്റായ തിമിര രോഗികളുടെ ഫോണ്‍ വാങ്ങി അവരറിയാതെ ബിജെപി അംഗങ്ങളാക്കിയെന്നാണ് വിവാദം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപിയുടെ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് മിസ് കോളടിക്കുകയും അപ്പോള്‍ വരുന്ന ഒ.ടി.പി ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതുമാണ് പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നതിനുള്ള നടപടിക്രമം. ഇതാണ് രോഗികളറിയാതെ അവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബിജെ.പി പൂര്‍ത്തിയാക്കിയത്.

രാജ്‌കോട്ടില്‍ മഹാത്മാഗാന്ധിയുടെ പേരിലുള്ള രഞ്ചോദാസ്ജി ബാപ്പു ചാരിറ്റബിള്‍ ആശുപത്രിയിലാണ് വിവാദ അംഗത്വവിതരണം ഉണ്ടായിരിക്കുന്നത്. കമലേഷ്ഭായ് തുമ്മര്‍ എന്ന രോഗിയാണ് ഇതുസംബന്ധിച്ച പരാതി ഉന്നയിച്ചത്. തിമിരം നീക്കം ചെയ്യാനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ആശുപത്രി വിട്ടപ്പോഴേക്കും ബി.ജെ.പി അംഗമായി മാറിയിരുന്നു. രോഗികളുടെ മൊബൈല്‍ഫോണില്‍നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒ.ടി.പി എടുക്കുന്നതും രജിസ്റ്റര്‍ചെയ്യുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

രാത്രി ഉറക്കത്തിനിടെ മുന്‍പരിചയമില്ലാത്ത യുവാവ് വന്ന് മൊബൈല്‍ ഫോണെടുത്ത് നമ്പറും ഒ.ടി.പിയും ചോദിക്കുകയായിരുന്നുവെന്ന് കമലേഷ് പറഞ്ഞു. ആശുപത്രി ജീവനക്കാരനായിരിക്കുമെന്നും ചികിത്സയുടെ ഭാഗമാണ് ഒ.ടി.പി ചോദിച്ചതെന്നും തെറ്റിദ്ധരിച്ച് കമലേഷ് അടക്കമുള്ളവര്‍ മൊബൈല്‍ ഫോണ്‍ നല്‍കി. അല്‍പ്പം കഴിഞ്ഞതോടെ ‘നിങ്ങള്‍ ഇപ്പോള്‍ ബി.ജെ.പി അംഗമാണെന്നും അംഗത്വം സ്വീകരിച്ചതിന് നന്ദി’ (You are now a member of BJP and thank you for accepting the membership) എന്നും അറിയിച്ചുള്ള മെസേജ് വന്നുവെന്ന് കമലേഷ്ഭായ് പറഞ്ഞു. കമലേഷിനൊപ്പമുണ്ടായിരുന്ന എല്ലാവരെയും ഉത്തരത്തില്‍ ബിജെപിയില്‍ ചേര്‍ത്തിട്ടുണ്ട്.

സംഭവം വിവാദമായതോടെ വിശദീകരണവുമായി ആശുപത്രി രംഗത്തുവന്നു. അംഗത്വം നല്‍കിയയാള്‍ രോഗികള്‍ക്കൊപ്പം വന്നതാണെന്നും ആശുപത്രിയുടെ സുരക്ഷാ ജീവനക്കാരെ ചോദ്യം ചെയ്യുമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ ശാന്തിലാല്‍ വഡോലിയ പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

അതേസമയം, ആരെയും ബലപ്രയോഗത്തിലൂടെ ബി.ജെ.പിയില്‍ ചേര്‍ത്തിട്ടില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഗോര്‍ദന്‍ സദാഫിയയുടെ പ്രതികരിച്ചത്.

Hospital patients in Gujarat were made BJP members without their knowledge