സനാ: അമേരിക്കയുടെ നേതൃത്വത്തിലുള്ള നാവിക പ്രതിരോധത്തെ മുഴുവന്‍ വെള്ളം കൂടിപ്പിച്ച് വീണ്ടും ഹൂത്തികള്‍. ( Houthis sink Greek owned coal ship in red sea ) ചെങ്കടലില്‍ മറ്റൊരു കപ്പല്‍ കൂടി യമനിലെ വിമത പോരാളികള്‍ തകര്‍ത്തു. ഗ്രീക്ക് ഉടമസ്ഥയിലുള്ള കല്‍ക്കരി കപ്പലിന് നേരെയാണ് ഇത്തവണ ഇത്തവണ ആക്രമണം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഹൂത്തി വക്താക്കള്‍ തന്നെ പുറത്തുവിട്ടു.
|
ഇസ്രായേലി തുറമുഖത്ത് കപ്പലുകള്‍ അടുപ്പിക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചതിനെ തുടര്‍ന്നാണ് ആക്രമണമെന്നു ഹൂത്തികള്‍ വ്യക്തമാക്കി. ഇസ്രായേലിലെ ഹൈഫ തുറമുഖത്ത് നങ്കൂരമിടാന്‍ ലക്ഷ്യമിട്ടതായിരുന്നു ഗ്രീക്ക് കപ്പല്‍. കപ്പല്‍ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സംവിധാനം ഓഫാക്കിയിരുന്നു. ഹൈഫ തുറമുറത്തേക്ക് അടുപ്പിക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാല്‍ ഇനിയും ആക്രമണമുണ്ടാവുമെന്നും ഹൂത്തികള്‍ ഭീഷണി മുഴക്കി.
ഹൂത്തികളുടെ ആക്രമണത്തില്‍ ഗ്രീക്ക് കപ്പല്‍ മുങ്ങിയെന്നും ഒരു ജീവനക്കാരനെ കാണാതായെന്നും നാവിക വിഭാഗം അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 12ന് ആക്രമിക്കപ്പെട്ട കപ്പല്‍ ദിവസങ്ങള്‍ക്കു ശേഷമാണ് മുങ്ങിയത്. ഡ്രോണ്‍ ബോട്ടുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. കപ്പലിലെ ജീവനക്കാരെ പിന്നീട് അമേരിക്കന്‍ നാവികസേനാ വിഭാഗം രക്ഷിക്കുകയായിരുന്നു.
ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ കപ്പലാണ് ചെങ്കടലില്‍ ആക്രമിക്കപ്പെടുന്നത്. പുതിയ തരം ആയുധം ഉപയോഗിച്ചാണ് എംവി ട്യുട്ടര്‍ എന്ന കപ്പല്‍ മുക്കിയതെന്ന് ഹൂത്തികള്‍ വ്യക്തമാക്കി. കൂറ്റന്‍ കപ്പലിനെ ലക്ഷ്യമിട്ട് രണ്ട് വമ്പന്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നതും ഒരു ചെറു ബോട്ട് കപ്പലിനെ സമീപിക്കുന്നതുമാണ് ഹൂത്തികള്‍ പുറത്തുവിട്ട ദൃശ്യത്തിലുള്ളത്. ഫൈബര്‍ ഗ്ലാസിലോ മരത്തിലോ നിര്‍മിച്ച 16 മുതല്‍ 23 അടിവരെ നീളമുള്ള രണ്ട് മല്‍സ്യബന്ധന ബോട്ടുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സമുദ്രയാന സുരക്ഷാ കമ്പനിയായ ആംബര്‍ വിശദീകരിച്ചു.
ഹൂത്തി ഭീഷണി രൂക്ഷമായതോടെ ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ഏഷ്യന്‍ ഷിപ്പ് ഓണേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് വേള്‍ഡ് ഷിപ്പിങ് കൗണ്‍സില്‍, യൂറോപ്യന്‍ കമ്മ്യൂണിറ്റി ഷിപ്പ് ഓണേഴ്‌സ് അസോസിയേഷനുകള്‍, ഏഷ്യന്‍ ഷിപ്പ് ഓണേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. നിരപരാധികളായ നാവികരെ സംരക്ഷിക്കുന്നതിനും ചെങ്കടലിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്തുന്നതിനും നടപടിയെടുക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.
ഗസയില്‍ ഇസ്രയേല്‍ നടത്തിവരുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ചെങ്കടലിലെ സമുദ്ര സഞ്ചാര പാതയില്‍ ഹൂത്തികള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇസ്രായേലിനെ നിയന്ത്രിക്കാന്‍ ലോകരാജ്യങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ലക്ഷ്യം. ഫലസ്തീന്‍ ജനതക്കെതിരായ വംശഹത്യ ഇസ്രായേല്‍ അവസാനിപ്പിക്കുമ്പോള്‍ ചെങ്കടലിലെ ആക്രമണം തങ്ങളും നിര്‍ത്തുമെന്നാണ് ഹൂത്തികള്‍ പറയുന്നത്. ഇതുവരെ അറുപതോളം കപ്പലുകള്‍ ഹൂത്തികളുടെ ആക്രമണത്തിനിരയായി.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സമുദ്രമേഖല നേരിടുന്ന ഏറ്റവും കഠിനമായ വെല്ലുവിളിയാണ് ഇതെന്ന് ആഗോള തലത്തിലെ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഹൂത്തികളെ പ്രതിരോധിക്കാന്‍ അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് സംയുക്ത സേന രൂപീകരിച്ചിരുന്നെങ്കിലും കാര്യമായ ഫലം കണ്ടില്ല.


