കൊച്ചി: വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ചെയ്ത സ്ഥാപനങ്ങളുടെ കൈവശമുള്ള വഖഫ് വസ്തുക്കള്‍ ഉമീദ് സെന്‍ട്രല്‍ പോര്‍ട്ടലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണം. ഡേറ്റ എന്‍ട്രി ചെയ്യേണ്ട അവസാന തീയതി ഡിസംബര്‍ 12 ആണ്. ഡേറ്റ എന്‍ട്രിക്ക് സഹായകമാകുന്ന യൂസര്‍ മാന്വല്‍ ബോര്‍ഡിന്റെ www.keralastafewakfboard.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.
|
വഖഫ് മുതവല്ലിമാരും തങ്ങളുടെ കൈവശമുള്ള വഖഫ് വസ്തുക്കളുടെ വിവരം ഉമീദ് സെന്‍ട്രല്‍ പോര്‍ട്ടലില്‍ ഡേറ്റ എന്‍ട്രി നടത്തേണ്ടത്. ഇതിനായി പോര്‍ട്ടലില്‍ തങ്ങളുടെ വ്യക്തിഗത വിവരങ്ങളും രേഖങ്ങളും നല്‍കി രജിസ്റ്റര്‍ ചെയ്യണം. മുന്‍കാലങ്ങളില്‍ വഖഫ് ബോര്‍ഡായിരുന്നു വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തിരുന്നത്.
മഹല്ല് ജനറല്‍ ബോഡി നിയമിക്കുന്നവര്‍, പരമ്പരാഗത മുതവല്ലി, വഖഫ് ബോര്‍ഡോ കോടതിയോ നിയമിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ എന്നിവരില്‍ ആരെങ്കിലും ആയിരിക്കും മുതവല്ലി. ആരായാലും ഇവര്‍ക്ക് വഖ്ഫ് ബോര്‍ഡിന്റെ അംഗീകാര പത്രം ലഭ്യമാക്കിയിരിക്കണം.
രജിസ്‌ട്രേഷന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. മുഴുവന്‍ വഖ്ഫ് സ്വത്തുക്കള്‍ക്കും കൃത്യമായ രേഖ ഉണ്ടായിരിക്കണം. വഖഫ് ചെയ്യുന്ന സമയത്തും ഇപ്പോഴും ഉള്ള അളവുകളില്‍ വ്യത്യാസം ഉണ്ടെങ്കില്‍ അതിനാവശ്യമായ ഡോക്യുമെന്റ് തയ്യാറാക്കണം.
2. മഹല്ല് സംവിധാനം സൊസൈറ്റി രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇത് ഓരോ വര്‍ഷവും പുതുക്കിയതിന്റെ രേഖ വേണം.
3. വഖ്ഫ് ബോര്‍ഡില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വത്തുക്കളുടെ വിവരങ്ങള്‍ വംശി ( wamsi.nic.in) പോര്‍ട്ടലില്‍ ലഭ്യമാണ്. വഖ്ഫ് രജിസ്ട്രേഷന്‍ ഉള്ളവര്‍ UMEED പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യും മുമ്പ് വംശിയില്‍ ഇത് സംബന്ധമായ ഡോക്യുമെന്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ ആ സ്വത്തുക്കള്‍ 2025 ഏപ്രിലില്‍ വഖഫ് ഭേദഗതി നിയമം പാസായതിന് ശേഷമുള്ളവ ആയാണ് കണക്കാക്കുക. അതിന് കലക്ടറുടെ അനുമതി ഉള്‍പ്പെടെ പുതിയ ഭേദഗതി നിയമങ്ങളെല്ലാം ബാധകമായിരിക്കും.
4. വാടകയ്ക്ക് നല്‍കിയിട്ടുള്ള മുഴുവന്‍ കെട്ടിടങ്ങള്‍ക്കും വാടക കരാര്‍ വേണം. വാടകക്കരാറുകള്‍ നിയമപ്രകാരം 11 മാസത്തേക്ക് മാത്രമേ പാടുള്ളു. അതില്‍ കൂടുതല്‍ ആണെങ്കില്‍ അത് ലീസ് ആയാണ് പരിഗണിക്കുക. കൂടുതല്‍ കാലത്തേക്ക് വാടക കരാര്‍ എഴുതിയിട്ടുണ്ടെങ്കില്‍ അത് മാറ്റി 11 മാസത്തേക്ക് ആക്കണം.
5. വരവ്-ചെലവ് ഫയല്‍ സമര്‍പ്പിക്കണം. വാര്‍ഷിക വരവ് ചെലവ് നിയമ പ്രകാരം ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്തിരിക്കണം
6. പുതിയ നിയമത്തില്‍ സംഭാവനയും നികുതിക്ക് വിധേയമാണ്.
7. ലാന്റ് റെവന്യു റെക്കോഡ്, മുഴുവന്‍ വഖ്ഫ് സ്വത്തുക്കളുടെയും ഫോട്ടോകള്‍, സര്‍വേ സ്‌കെച്ച്, ബിടിആര്‍, കുടിക്കടം, മുതവല്ലി സര്‍ട്ടിഫിക്കറ്റ്, ഓഡിറ്റ് റിപോര്‍ട്ട്, ഓരോ വഖ്ഫ് സ്വത്തുക്കളുടെയും ആധാരം, കേസ് സംബന്ധിച്ച വിവരങ്ങള്‍, കൈയേറ്റം സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയ രേഖകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
7. വഖ്ഫ് രജിസ്റ്റര്‍ ചെയ്യുമ്പോഴുള്ള സ്വത്തിന്റെ അളവിനേക്കാള്‍ കുറവാണ് ഇപ്പോഴത്തെ സ്വത്ത് എങ്കില്‍ അതിനുള്ള കാരണം കാണിക്കേണ്ടി വരും. ഇത് സംബന്ധമായി വഖഫ് ബോര്‍ഡില്‍ പരാതി നല്‍കിയിട്ടില്ലെങ്കില്‍ അത് അടിയന്തരമായ നല്‍കുകയും തുടര്‍ നടപടികള്‍ക്കുള്ള രേഖ ഉണ്ടാക്കുകയും വേണം. വഖ്ഫ് രജിസ്റ്റര്‍ ചെയ്യുമ്പോഴുള്ള സ്വത്തിന്റെ അളവിനേക്കാള്‍ കൂടുതലാണ് ഇപ്പോഴത്തെ സ്വത്ത് എങ്കില്‍ അത് റെഗുലറൈസ് ചെയ്യണം.
സംശയങ്ങള്‍ക്ക് ബോര്‍ഡിന്റെ പ്രാദേശിക ഓഫിസുമായി ബന്ധപ്പെടാം. ഹെല്‍പ് ഡെസ്‌ക് നമ്പര്‍ വെബ്‌സൈറ്റില്‍.


