കൂട്ടത്തോടെ സര്‍വീസുകള്‍ റദ്ദാക്കേണ്ട പ്രതിസന്ധിയിലേക്ക് ഇന്‍ഡിഗോ കൂപ്പുകുത്തിയതിനു പിന്നാലെ വിമാനടിക്കറ്റ് വിലയില്‍ മറ്റ് കമ്പനികള്‍ കൊള്ള നടത്തുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ കുടഞ്ഞ് ഡല്‍ഹി ഹൈക്കോടതി. ആഭ്യന്തര യാത്രയുടെ ടിക്കറ്റ് വില 40000 രൂപ വരെ വര്‍ധിപ്പിച്ചതില്‍ നിന്ന് വിമാനക്കമ്പനികളെ തടയുന്നതില്‍ കേന്ദ്രത്തിനുണ്ടായ വീഴ്ചയെ കോടതി ചോദ്യം ചെയ്യുകയും ചെയ്തു. ഒരു പ്രതിസന്ധിയുണ്ടായാല്‍ എങ്ങനെയാണ് മറ്റ് കമ്പനികളെ അത് മുതലെടുക്കാന്‍ അനുവദിക്കുക. 35000 മുതല്‍ 39000 രൂപ വരെയാണ് ഈടാക്കിയതെന്നും എങ്ങനെയാണ് ഇത് സംഭവിക്കുകയെന്നും ജസ്റ്റിസ് ഗഡേല ചോദിച്ചു.
|
വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് ഈടാക്കുന്ന തുകയേക്കാള്‍ കൂടുതല്‍ നിരക്കാണ് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. വിമാനജീവനക്കാരുടെ ഡ്യൂട്ടി സമയത്തില്‍ ഡിജിസിഎ നിയന്ത്രണമേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോയുടെ പ്രവര്‍ത്തനം താറുമാറായത്. പ്രതിദിനം 2200ഓളം സര്‍വീസുകളാണ് ഇന്‍ഡിഗോ നടത്തിയിരുന്നത്. ഇതില്‍ ഭൂരിഭാഗവും കഴിഞ്ഞദിവസങ്ങളില്‍ റദ്ദാക്കുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് മറ്റ് എയര്‍ലൈനുകള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ് വരുത്തിയത്. ഇതിനെതിരേ വലിയ തോതില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.
ഇന്‍ഗിഡോയ്ക്ക് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിട്ടുണ്ടെന്നും അവര്‍ ഖേദം പ്രകടിപ്പിച്ചതായും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ലക്ഷക്കണക്കിന് യാത്രികരാണ് ഇന്‍ഡിഗോയുടെ വീഴ്ച മൂലം വിമാനത്താവളങ്ങളില്‍ കുടുങ്ങിയതെന്നും ഇതു മൂലം രാജ്യത്തിനാകെയുണ്ടാവുന്ന ബുദ്ധിമുട്ടുകളും കോടതി ചൂണ്ടിക്കാട്ടി. ഈ യാത്രികര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള എന്തു നടപടിയാണ് കേന്ദ്രം എടുത്തതെന്നും കോടതി ചോദിച്ചു.
ALSO READ: തരൂരിന് സവര്‍ക്കര്‍ പുരസ്‌കാരം; ഇത് ഏത് അവാര്‍ഡെന്ന് തരൂര്‍





