21
Dec 2022
Tue
21 Dec 2022 Tue

ഭാര്യയെ കൊന്ന കുറ്റത്തിന് ഭര്‍ത്താവ് വര്‍ഷങ്ങളായി ജയില്‍ ജീവിതം നയിക്കവെ കൊല്ലപ്പെട്ടുവെന്ന് പറയുന്ന സ്ത്രീ പൊലീസ് പിടിയിലായി. ഏഴുവര്‍ഷം മുമ്പ് കൊല്ലപ്പെട്ട സ്ത്രീയാണ് ജീവനോട് പൊലീസിന്റെ പിടിയിലായത്. രാജസ്ഥാനിലെ മെഹന്ദിപൂര്‍ ബാലാജി പൊലീസ് ആണ് കൊല്ലപ്പെട്ട സ്ത്രീയെ ജീവനോടെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2015ലാണ് സംഭവം. സോനു എന്ന യുവാവ് ഇപ്പോള്‍ പിടിയിലായ ആരതി എന്ന യുവതിയെ വിവാഹം ചെയ്തിരുന്നു. വിവാഹശേഷം സ്വത്തുക്കള്‍ തന്റെ പേരില്‍ എഴുതി നല്‍കണമെന്ന് ആരതി സോനുവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സോനു വിസമ്മതിച്ചതോടെ ആറതി ഇറങ്ങിപ്പോയി. സോനു ഭാര്യയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ യുപി പൊലീസ് മഥുര കനാലില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു. പോസ്റ്റ്‌മോര്‍ട്ടം നടത്താതെ തന്നെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

ആറു മാസത്തിനു ശേഷം കാണാതായ മകളെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരതിയുടെ കുടുംബം പൊലീസിനെ സമീപിച്ചു. ഈ സമയം പൊലീസ് കനാലില്‍ നിന്ന് കണ്ടെടുത്തു മൃതദേഹത്തിന്റെ ഫോട്ടോയും വസ്ത്രങ്ങളും കാണിച്ചു. ഇതോടെ കുടുംബം മൃതദേഹം ആരതിയുടേതാണെന്ന് സമ്മതിച്ചു. മകളെ ഭര്‍ത്താവായ സോനുവും മറ്റൊരാളും ചേര്‍ന്നു കൊലപ്പെടുത്തിയതാണെന്ന കുടുംബത്തിന്റെ ആരോപണത്തില്‍ പൊലീസ് സോനുവിനെയും ഗോപാല്‍ സെയ്‌നിയെയും അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി തടവില്‍ അടയ്ക്കുകയും ചെയ്തു. കൊല്ലപ്പെട്ടുവെന്ന് പറയുന്ന ആരതിയെ ജീവനോടെ കണ്ടെത്തിയതോടെ സോനുവും സുഹൃത്തും നിരപരാധികളാണെന്ന് തെളിഞ്ഞിരിക്കുകയാണ്.