പാലക്കാട്: കോയമ്പത്തൂരിലെത്തി ഭാര്യയെ വെടിവെച്ചുകൊന്ന ശേഷം ഭര്‍ത്താവ് പാലക്കാട്ടെ വീട്ടിലെത്തി സ്വയം വെടിവച്ച് മരിച്ചു. വണ്ടാഴി ഏറാട്ടുകുളമ്പ് കൃഷ്ണകുമാര്‍ (50), ഭാര്യ സംഗീത (47) എന്നിവരാണ് മരിച്ചത്. എയര്‍ഗണ്ണാണ് കൃത്യത്തിന് ഉപയോഗിച്ചത്.
|
സംഗീതയെ കോയമ്പത്തൂരിലും കൃഷ്ണകുമാറിനെ പാലക്കാട് ജില്ലയിലെ വണ്ടാഴിയിലും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോയമ്പത്തൂരിലെത്തി ഭാര്യയെ വെടിവെച്ച് കൊന്നശേഷം വണ്ടാഴിയില്‍ വീട്ടിലെത്തി കൃഷ്ണകുമാര്‍ സ്വയം ജീവനൊടുക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
അതേസമയം, പത്തനംതിട്ടയില്‍ യുവാവ് ഭാര്യയെയും അയല്‍വാസിയായ സുഹൃത്തിനെയും വെട്ടിക്കൊന്നു. പത്തനംതിട്ട കൂടലില്‍ കലഞ്ഞൂര്‍പാടത്ത് വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെ ആണ് സംഭവം.
വിഷ്ണു സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. വൈഷ്ണവിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിഷ്ണുവിന്റെ തലയില്‍ എട്ട് വെട്ടുകളേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ പത്തനംതിട്ട താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊലപാതകം നടത്തിയ ശേഷം ബൈജു തന്നെയാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. പിന്നാലെ പോലീസെത്തി ബൈജുവിനെ കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 04712552056)


