ആലപ്പുഴ: രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതി തസ്ലീമ സുല്‍ത്താന പലയിടങ്ങളിലും അറിയപ്പെടുന്നതെന്ന് പലപേരുകളില്‍. (Hybrid cannabis case: Thaslima has different names ) കണ്ണൂരിലും ചെന്നൈയിലും തസ്ലിമ സുല്‍ത്താനയെന്നാണെങ്കില്‍ സിനിമാലോകത്ത് ക്രിസ്റ്റീനയാണ്. അതേ സമയം, കര്‍ണാടകയില്‍ എത്തുമ്പോള്‍ മഹിമ മധുവെന്നാണ് ഇവര്‍ അറിയപ്പെടുന്നത്.
|
കേരളത്തിന് പുറത്ത് തമിഴ് നാട്ടിലും കര്‍ണാടകയിലും തസ്ലിമ സുല്‍ത്താനയ്ക്ക് ലഹരിമരുന്ന് വില്പനയുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. എറണാകുളത്തുനിന്ന് വാഹനം വാടകയ്ക്ക് എടുത്തത് മഹിമ മധു എന്ന പേരിലായിരുന്നു. ഇവിടെയെല്ലാം തസ്ലീമയ്ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും വ്യത്യസ്ത തിരിച്ചറിയല്‍ കാര്‍ഡുകളാണ് പ്രതി ഉപയോഗിച്ചു വരുന്നത്. തസ്ലിമയുടെ കര്‍ണാടകത്തിലെ വ്യാജ ആധാര്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സ് വിവരങ്ങളും അന്വേഷണ സംഘം കണ്ടെത്തി.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നിന്നാണ് തസ്ലീമ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. ഇവര്‍ക്കൊപ്പം മക്കളും ഉണ്ടായിരുന്നു. രണ്ടുകോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് തസ്ലീമയില്‍ നിന്ന് എക്സൈസ് പിടികൂടിയത്. സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയായിരുന്നു ഇത്.
സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുള്ള തസ്ലീമ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും ലഹരി കൈമാറിയെന്ന് മൊഴി നല്‍കി. സംഭവത്തില്‍ താരങ്ങള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ എക്സൈസ് നോട്ടീസ് നല്‍കും.
താരങ്ങള്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായി തസ്ലീമ മൊഴി നല്‍കിയിരുന്നു. തസ്ലിമയും താരങ്ങളും തമ്മിലുള്ള ചാറ്റ് എക്സൈസിന് ലഭിച്ചു. വിദേശത്ത് നിന്നും എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് യുവതി വിതരണം ചെയ്തിരുന്നു. ആലപ്പുഴയിലേക്കും ശൃംഖല വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിവീണത്.


