16
Jan 2024
Tue
16 Jan 2024 Tue

കൊല്‍ക്കത്ത: ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ബിരിയാണി കാണിച്ച് പിന്തിരിപ്പിച്ച് പൊലീസ്. കൊല്‍ക്കത്തയിലെ ബാലിഗഞ്ചിലാണ് സംഭവം. പാലത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ ജോലിയും ബിരിയാണിയും നല്‍കാമെന്ന് പറഞ്ഞാണ് പൊലീസ് താഴെ ഇറക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കാരയാ സ്വദേശിയായ 40 കാരനാണ് ആത്മഹത്യാ ഭീഷണി മുഴക്കി പാലത്തിന് മുകളില്‍ കയറിയത്. ഉച്ചയ്ക്ക് രണ്ടരയോടെ മൂത്ത മകളെയും കൂട്ടി ഇരുചക്രവാഹനത്തില്‍ സയന്‍സ് സിറ്റിയിലേക്ക് പോവുകയായിരുന്നു ഇയാള്‍. ഇതിനിടെ വാഹനം പെട്ടെന്ന് പാലത്തിന് സമീപം നിര്‍ത്തി. മൊബൈല്‍ ഫോണ്‍ റോഡില്‍ എവിടെയോ വീണിട്ടുണ്ടെന്നും നോക്കിയിട്ട് വരാമെന്നും മകളോട് പറഞ്ഞ ശേഷമാണ് പാലത്തിന് മുകളില്‍ കയറിയത്.

മുകളിലെത്തിയ ഇയാള്‍ താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ലോക്കല്‍ പൊലീസും ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഗ്രൂപ്പിന്റെയും അഗ്‌നിശമന സേനയുടെയും ഒരു സംഘം സ്ഥലത്തെത്തി അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങി. ആദ്യമൊന്നും വഴങ്ങാതിരുന്ന ഇയാള്‍ പിന്നീട് പൊലീസിനോട് സഹകരിക്കുകയായിരുന്നു. ജോലിയും ബിരിയാണിയും നല്‍കാമെന്ന് പറഞ്ഞാണ് ഇയാളെ സമാധാനിപ്പിച്ചത്.

ഭാര്യയുമായി വേര്‍പിരിയുന്നതിന്റെ കടുത്ത മാനസിക സമ്മര്‍ദവും ബിസിനസ് നഷ്ടം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയുമാണ് കടുത്ത തീരുമാനത്തിലേക്ക് തന്നെ എത്തിച്ചതെന്ന് ഇയാള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ ഏറ്റവും തിരക്കേറിയ തെരുവുകളിലൊന്നില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നിലവില്‍ ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക