18
Apr 2024
Sat
18 Apr 2024 Sat
iamc

വാഷിങ്ടണ്‍: ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലിംകള്‍ നുഴഞ്ഞു കയറ്റക്കാര്‍ ആണെന്നും അവരുടെ വര്‍ധിച്ചു വരുന്ന ഭീഷണി അടിച്ചമര്‍ത്തണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം അപപലപനീയമാണെന്ന് ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ (ഐഎഎംസി). പ്രതിപക്ഷ കോണ്‍ഗ്രസ് പാര്‍ട്ടി സമ്പത്തും വിഭവങ്ങളും മുസ്ലിംകള്‍ക്കു നല്‍കുമെന്ന മോദിയുടെ പ്രസ്താവം വിദ്വേഷ രാഷ്ട്രീയത്തില്‍ ഊന്നിയുള്ളതാണ്. വിഭജനവും വിദ്വേഷവും വളര്‍ത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. (IAMC condemns Modi’s hate speech)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘അവര്‍ നിങ്ങളുടെ സമ്പത്തു മുഴുവന്‍ പിടിച്ചെടുത്തു കൂടുതല്‍ കുട്ടികളുള്ളവര്‍ക്കു നല്‍കും. നുഴഞ്ഞുകയറ്റക്കാര്‍ക്ക്,’ മോദി ഒരു വലിയ ജനക്കൂട്ടത്തോടായി പറഞ്ഞു.

ഐഎഎംസി പ്രസിഡന്റ് മുഹമ്മദ് ജവാദ് പറഞ്ഞു: ‘ഹിന്ദു മേധാവിത്വം ഉറപ്പിക്കാന്‍ യാതൊരു ഉളുപ്പുമില്ലാതെ മോദി ഇന്ത്യയിലെ ഏറ്റവും ദുര്‍ബലമായ ന്യൂനപക്ഷ വിഭാഗത്തെ ഇത്ര നീചമായി ചിത്രീകരിച്ചത് ഞങ്ങളെ ഞെട്ടിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സാമുദായിക വികാരം കുത്തി ഇളക്കുന്ന പ്രസംഗം നടത്തുന്നത് ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമാണ്. മുസ്ലിംകള്‍ക്കു എതിരായ അക്രമങ്ങളെ ന്യായീകരിക്കുന്ന പ്രസംഗവുമാണത്.

‘മോദിയുടെ ചരിത്രം തന്നെ രക്ത പങ്കിലമാണ്. 2002ല്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ഗുജറാത്തില്‍ മുസ്ലിം പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കൊല ചെയ്യുന്നതിനു നേതൃത്വം നല്‍കി. പ്രധാനമന്ത്രിയായ ശേഷം മുസ്ലിം വിദ്വേഷ പ്രസംഗം നിര്‍ബാധം അനുവദിച്ചു ഹിന്ദു തീവ്രവാദികളുടെ അതിക്രമങ്ങള്‍ക്കു പ്രോത്സാഹനം നല്‍കി. മോദി വീണ്ടും ജയിച്ചാല്‍ അതെല്ലാം വര്‍ദ്ധിക്കുമെന്നു വിദഗ്ധര്‍ പറഞ്ഞിട്ടുണ്ട്.

‘മോദിയുടെ വാക്കുകള്‍ ഇന്ത്യയിലെ 200 മില്യണ്‍ മുസ്ലിങ്ങളുടെ ജീവനു ഭീഷണിയാണ്. ബൈഡന്‍ ഭരണകൂടം അതിനെ ഉടന്‍ തന്നെ അപലപിക്കേണ്ടതുണ്ട്. ‘ഇന്ത്യയെ സി പി സി (പ്രത്യേക ആശങ്കയോടെ കാണുന്ന രാജ്യം) പട്ടികയില്‍ ഉള്‍പ്പെടുത്തുകയും വേണം. യുഎസ് അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.’