29
May 2023
Tue
29 May 2023 Tue

മാനന്തവാടി: വലിയ സ്വപ്നവുമായി ജീവിച്ചുകൊണ്ടിരിക്കെ ഇടയ്ക്ക് വച്ച് വീണുപോവുകയും എന്നാൽ വീണിടത്തു നിന്നും കൂടുതൽ കരുത്തോടെ ഉയിർത്തെഴുന്നേറ്റ് നേട്ടത്തിന്റ നെറുകയിൽ എത്തുകയും ചെയ്തിരിക്കുകയാണ് ഒരു മലയാളി പെൺകുട്ടി. തോറ്റുപോവുമെന്ന് വിചാരിച്ച നിമിഷങ്ങൾ. എന്നാൽ അവൾ വിധിയോട് തോൽക്കാൻ തയാറായിരുന്നില്ല. അങ്ങനെ ജീവിതം വീൽചെയറിലായ ആ പെൺകുട്ടി സിവിൽ സർവീസിന്റെ കൊടുമുടിയിൽ മുത്തമിട്ടിരിക്കുന്നു. വയനാട് കമ്പളക്കാട് സ്വദേശിനി ഷഹാന ഷെറിൻ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീൽ ചെയറിലിരുന്ന് പഠിച്ചാണ് തോറ്റുപിന്മാറാൻ ഒരുക്കമല്ലെന്ന് ഈ പെൺകുട്ടി തെളിയിച്ചത്. രാജ്യത്തിന്റെ പരമോന്നത സർവീസിലേക്ക് നടന്ന പരീക്ഷ ആത്മവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയും എഴുതി 917ാം റാങ്ക് നേടിയാണ് ഷഹാന ഞെട്ടിച്ചതും മലയാളികളുടെ അഭിമാനമായതും. ഓർമ പോലും നഷ്ടപ്പെട്ട അവസ്ഥ പോലുമുണ്ടായ ജീവിതയാത്രയിൽ മനോബലം ഒന്നുകൊണ്ടു മാത്രമാണ് കഠിന പരിശ്രമത്തിലൂടെ ഷഹാന തിളക്കമേറിയ വിജയം കരസ്ഥമാക്കിയത്.

കമ്പളക്കാട് കെൽട്രോൺ വളവിലെ പരേതനായ തേനുട്ടികല്ലിങ്കൽ ഉസ്മാൻ ഹാജിയുടെയും ആമിനയുടേയും മകളായ ഷഹാനയ്ക്ക് 2017ല്‍ വീടിന്റെ ടെറസിൽ നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റതാണ് ജീവിതത്തിൽ കനത്ത തിരിച്ചടിയായത്. അലക്കിയിട്ട തുണിയെടുക്കാനായി ടെറസിൽ കയറിയ ഷഹാന കാൽ വഴുതി താഴേക്കു വീഴുകയായിരുന്നു. പി.ജിക്ക് പഠിക്കുന്ന സമയമായിരുന്നു അന്ന്. വീഴ്ചയിൽ വാരിയെല്ല് പൊട്ടി. ഉപ്പ മരിച്ചതിന്റെ ഞെട്ടലിൽ നിന്ന് മോചിതയാകും മുമ്പെയായിരുന്നു ഷഹാനയുടെ വീഴ്ചയും.

അപകടത്തിന് ശേഷം ഒരു മാസം അബോധാവസ്ഥയിലായിരുന്നു. ഓര്‍മകളെല്ലാം നഷ്ടപ്പെട്ടു. നടക്കാനോ കൈപോലും അനക്കാനോ പറ്റാത്ത അവസ്ഥ. അതുവരെയുള്ള അവസ്ഥയ്ക്ക് നേർവിപരീതമായ സാഹചര്യം. പുസ്തകം പോലും എടുത്ത് മറിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ തളരാതെ ദൃഢനിശ്ചയത്തോടെ കാര്യങ്ങളെ ധീരമായി നേരിട്ട ഷഹാന പുതിജീവതത്തിലേക്ക് കാലെടുത്തുവച്ചു. അങ്ങനെയാണ് ഷഹാന ഐഎഎസിന്റെ ശിഖരങ്ങൾ ഓരോന്നായി ചവിട്ടിക്കയറിയത്.

ആശുപത്രി വാസത്തിന് ശേഷം വെല്ലൂരിലെ റിഹാബിലേറ്റഷൻ സെന്ററിൽ നിന്നായിരുന്നു ഷഹാന പുതു ജീവിതം തുടങ്ങിയത്. ദുരവസ്ഥയിൽ വിഷമിച്ച് ഇരിക്കാതെ സ്വപ്‌നങ്ങൾക്ക് പിന്നാലെ പോകണമെന്ന അവരുടെ ഉപദേശമാണ് ഷഹാനയുടെ ജീവിതത്തിൽ വഴിത്തിരിവായത്. വെല്ലൂരിലെ സഹവാസത്തിൽ നിന്നാണ് വീണ്ടും എഴുതിപ്പഠിക്കുന്നത്. അതുവരെ പഠിച്ചതെല്ലാം മറന്ന ഷഹാന, അങ്ങനെ തന്റെ 22ാം വയസിൽ മലയാളത്തിലേയും ഇംഗ്ലീഷിലേയും ഓരോ അക്ഷരങ്ങൾ പിന്നീട് പഠിച്ച് എടുക്കുകയായിരുന്നു.

അങ്ങനെ ആത്മവിശ്വാസം ആർജിച്ച ഷഹാനയുടെ ആഗ്രഹങ്ങളുടെ ചിറകുകൾ ഓരോന്നായി മുളച്ചു. തന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളൊക്കെ കുറിച്ചിടുകയാണ് ഷഹാന ആദ്യം ചെയ്തത്. പിന്നെ ആ വഴിക്ക് ഷഹാനയുടെ വീല്‍ചെയറും ചലിച്ചു. ട്യൂഷനെടുത്തും കുട്ടികള്‍ക്ക് ക്ലാസുകളെടുത്തുമാണ് ഷഹാന സജീവമായിത്തുടങ്ങിയത്. ഒപ്പം തന്റെ ഐഎഎസ് എന്ന ആഗ്രഹത്തേയും കൂടെക്കൂട്ടി.

അങ്ങനെ പെരിന്തൽമണ്ണ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ സിവിൽ സർവീസ്‌ അക്കാദമിയിൽ ചേർന്ന് പഠിച്ചു. ആ വലിയ ലക്ഷ്യത്തിനായി തീവ്ര പരിശ്രമം നടത്തി. ഇന്നിതാ ആ പരിശ്രമം വിജയം കണ്ടിരിക്കുന്നു. വീൽ ചെയറിലിരുന്നും ഐഎഎസ് പാസാകാമെന്ന് ഷഹാന തെളിച്ചിരിക്കുന്നു. ഇതിലൂടെ ജീവിത യാത്രയിൽ പലവിധ തിരിച്ചടികളാൽ വീണുപോയിരിക്കുന്ന നിരവധി പേർക്ക് വീറുറ്റ പ്രചോദനമായി ഷഹാന മാറിയിരിക്കുകയാണ്.