ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ വിറപ്പിച്ച് യുഎസ്എ കീഴടങ്ങി. ( ICC T20 world cup: United states vs India score and live details ) നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ മറ്റൊരു അട്ടിമറി മണത്തെങ്കിലും പെനല്‍റ്റി റണ്‍സുകളുടെ കൂടി സഹായത്തോടെയാണ് ഒടുവില്‍ ഇന്ത്യ ജയം സ്വന്തമാക്കിയത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് മുന്നേറി. യുഎസ് ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 10 പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
|
44 റണ്‍സെടുക്കുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യക്കായി സൂര്യകുമാര്‍ യാദവും ശിവം ദുബെയും നടത്തിയ ചെറുത്തുനില്‍പ്പാണ് വിജയത്തിലെത്തിച്ചത്. സൂര്യ 49 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറുമടക്കം 50 റണ്‍സുമായും ശിവം ദുബെ 35 പന്തില്‍ ഒന്ന് വീതം സിക്‌സും ഫോറുമടക്കം 31 റണ്‍സുമായും പുറത്താകാതെ നിന്നു. 10 പന്തുകള്‍ ശേഷിക്കെയായിരുന്നു ഇന്ത്യന്‍ ജയം.
മത്സരത്തിനിടെ പുതിയ ഓവര്‍ ആരംഭിക്കാന്‍ യുഎസ് മൂന്ന് തവണ 60 സെക്കന്‍ഡിലേറെ സമയമെടുത്തതോടെ പെനാല്‍റ്റിയായി ഇന്ത്യയ്ക്ക് അഞ്ചു റണ്‍സ് അനുവദിച്ചുകിട്ടുകയും ചെയ്തു. ഇന്ത്യയ്ക്ക് 30 പന്തില്‍ ജയിക്കാന്‍ 35 റണ്‍സ് വേണമെന്ന ഘട്ടത്തിലായിരുന്നു ഇത്.
111 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി സൂപ്പര്‍ താരം വിരാട് കോഹ്‌ലി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഇന്ത്യന്‍ വംശജന്‍ സൗരഭ് നേത്രവാല്‍ക്കറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ആന്‍ഡ്രീസ് ഗൗസിന് പിടികൊടുത്തായിരുന്നു മടക്കം. വൈകാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തിരിച്ചുകയറി. ആറ് പന്ത് നേരിട്ട് മൂന്ന് റണ്‍സ് മാത്രം നേടിയ രോഹിതിനെയും വീഴ്ത്തിയത് നേത്രവാല്‍ക്കര്‍ തന്നെയായിരുന്നു.
മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഋഷഭ് പന്ത് – സൂര്യകുമാര്‍ യാദവ് സഖ്യം സ്‌കോര്‍ 39 വരെയെത്തിച്ചു. എട്ടാം ഓവറില്‍ പന്തിനെ മടക്കിയ ആലി ഖാന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 20 പന്തില്‍ നിന്ന് ഒരു സിക്സും ഫോറുമടക്കം 18 റണ്‍സായിരുന്നു പന്തിന്റെ സമ്പാദ്യം. എന്നാല്‍, തുടര്‍ന്നെത്തിയ ശിവം ദുബെയെ കൂട്ടുനിര്‍ത്തി സൂര്യ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുഎസ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെടുത്തിരുന്നു. നാല് ഓവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിങ്ങാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. അര്‍ഷ്ദീപിനൊപ്പം നാല് ഓവറില്‍ ഒരു മെയ്ഡനടക്കം 14 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യയും ബൗളിങ്ങില്‍ തിളങ്ങി.
ആദ്യ പന്തില്‍ ഷയാന്‍ ജഹാംഗീറിനെ എല്‍.ബി.ഡബ്ല്യുവില്‍ കുടുക്കിയ അര്‍ഷ് ദീപ് അവസാന പന്തില്‍ ആന്‍ഡ്രീസ് ഗൗസിനെ (രണ്ട്) ഹാര്‍ദിക് പാണ്ഡ്യയുടെ കൈയിലെത്തിക്കുകയും ചെയ്തു. സ്‌കോര്‍ ബോര്‍ഡില്‍ 25 റണ്‍സായപ്പോഴേക്കും മൂന്നാം വിക്കറ്റും വീണു. താല്‍ക്കാലിക ക്യാപ്റ്റന്‍ ആരോണ്‍ ജോണ്‍സിനെ ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ മുഹമ്മദ് സിറാജ് പിടികൂടുകയായിരുന്നു. 22 പന്തില്‍ 11 റണ്‍സെടുത്താണ് മടക്കം.
ഒരുവശത്ത് പിടിച്ചുനിന്ന സ്റ്റീവന്‍ ടെയ്‌ലര്‍ പ്രതീക്ഷ ഉണര്‍ത്തി. 30 പന്തില്‍ 24 റണ്‍സെടുത്ത ടെയ്‌ലറുടെ അക്‌സര്‍ പട്ടേലിനെതിരായ ഷോട്ട് പിഴച്ചപ്പോള്‍ പന്ത് സ്റ്റമ്പില്‍ പതിക്കുകയായിരുന്നു. മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ നിതീഷ് കുമാറിനെ (23 പന്തില്‍ 27) അര്‍ഷ്ദീപിന്റെ പന്തില്‍ മുഹമ്മദ് സിറാജ് ബൗണ്ടറി ലൈനില്‍ മികച്ച ക്യാച്ചിലൂടെ പുറത്താക്കി. 12 പന്തില്‍ 15 റണ്‍സെടുത്ത കോറി ആന്‍ഡേഴ്‌സണെ ഹാര്‍ദിക് പാണ്ഡ്യയും പത്ത് പന്തില്‍ അത്രയും റണ്‍സെടുത്ത ഹര്‍മീത് സിങ്ങിനെ അര്‍ഷ്ദീപും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ഏല്‍പിച്ചതോടെ യു.എസ്.എ ഏഴിന് 98 റണ്‍സെന്ന നിലയിലായി. ഷാഡ്‌ലി വാന്‍ ഷാല്‍ക് വെയ്ക് 11 റണ്‍സുമായി പുറത്താകാതെനിന്നപ്പോള്‍ ജസ്ദീപ് സിങ് (2) അവസാന പന്തില്‍ റണ്ണൗട്ടായി മടങ്ങി.
കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. യുഎസ് ടീമില്‍ ക്യാപ്റ്റന്‍ മൊണാങ്ക് പട്ടേലിന് പകരം ഷയാന്‍ ജഹാംഗീറും നോസ്തുഷിന് പകരം ഷാഡ്ലി വാന്‍ ഷാല്‍ക്വിക്കും കളിച്ചു. ആരോണ്‍ ജോണ്‍സാണ് ടീമിനെ നയിച്ചത്.





