|
ബ്ലാക്ക് ഫംഗസും കോവിഡും ബാധിച്ചതിനെ തുടർന്ന് ഒരുവർഷം മുമ്പ് ചികിൽസ തേടിയ 65കാരിയുടെ കണ്ണിൽ നിന്നും മൂക്കിൽ നിന്നും നീക്കംചെയ്തത് 145 പുഴുക്കളെ. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയയിലൂടെ വൃദ്ധയുടെ ശരീരത്തിൽ നിന്ന് ഇത്രയധികം പുഴുക്കളെ നീക്കിയത്.
ബ്ലാക്ക് ഫംഗസിനെ തുടര്ന്ന് രോഗിയുടെ മൂക്കിലെ കോശങ്ങൾ നശിച്ചതിനാല് ഇവ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഇവരുടെ മൂക്കിന്റെ ഇടത്തേ വശത്ത് വലിയ ദ്വാരം രൂപപ്പെടുകയുണ്ടായി. മൂക്ക് വൃത്തിയായി സൂക്ഷിക്കാൻ കഴിയാതെ വരുന്നതിലൂടെ മൂക്കിനുള്ള ദുർഗന്ധമുള്ള സ്രവങ്ങൾ ഈച്ചകളെ ആകർഷിക്കുമെന്നും ഇങ്ങനെ മൂക്കിൽ പ്രവേശിക്കുന്ന ഈച്ചകൾ മുട്ടയിട്ട് അവ വിരിഞ്ഞ് പുഴുക്കളായി മാറുകയാണ് ചെയ്യുകയെന്നും ഡോക്ടർമാർ പ്രസ്താവനയിൽ അറിയിച്ചു.
രോഗിയുടെ കണ്ണിൽ നിന്നും മൂക്കിൽ നിന്നും പുഴുക്കളെ നീക്കംചെയ്യാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ അവ തലച്ചോറിലെത്തി മസ്തിഷ്കകോശങ്ങൾക്ക് തകരാർ വരുത്തുമായിരുന്നുവെന്നും ആശുപത്രിയിലെ ഇഎൻടി സർജനായ ഡോ. മഞ്ജുനാഥ് എംകെ പറഞ്ഞു.
കണ്ണിൽ നീരുവന്നതിനെ തുടർന്ന് മൂന്നുമാസം മുമ്പ് രോഗി മറ്റൊരാശുപത്രിയിൽ ചികിൽസ തേടിയിരുന്നു. വീണ്ടും നീരും മൂക്കിൽ നിന്നു രക്തംവരികയും ചെയ്തതോടെ ഇവർ ഡോ. മഞ്ജുനാഥിന്റെ അരികിലെത്തുകയായിരുന്നു. ഇവിടെ നടത്തിയ വിശദപരിശോധനയിൽ രോഗിയുടെ മൂക്കിൽ നിന്നും 110 പുഴുക്കളെ കണ്ടെത്തി. രോഗിയുടെ ഇടത്തേ കണ്ണിൽ നിന്നും 35 പുഴുക്കളെ കണ്ടെത്തി.
ഈ കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടതായും ഡോക്ടർ പറഞ്ഞു. ഈ കണ്ണും ഡോക്ടർ നീക്കം ചെയ്തു. കോശങ്ങൾ നശിച്ച കണ്ണ് മൂലം അസഹ്യമായ വേദനയായിരുന്നു രോഗി അനുഭവിച്ചിരുന്നത്. മൂക്കിലും കണ്ണിലും രണ്ടുദിവസങ്ങളിലായാണ് ശസ്ത്രക്രിയ നടത്തിയതെന്നും രോഗി സുഖംപ്രാപിച്ചുവരുന്നതായും ഡോ. മഞ്ജുനാഥ് പറഞ്ഞു.



