ഭോപ്പാല്‍: മധ്യപ്രദേശിലെ സീധിയില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചയാളെ വിമര്‍ശിച്ച് ട്വീറ്റിട്ട ഭോജ്പുരി ഗായിക നേഹ സിങ് റാത്തോഡിനെതിരെ കേസെടുത്ത് പോലീസ്. ആര്‍.എസ്.എസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ഭോപ്പാല്‍ പോലീസ് നേഹയ്ക്കെതിരെ കേസെടുത്തത്. ആര്‍.എസ്.എസ്. നേതാക്കളെ സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി സൂരജ് എന്നയാളാണ് പരാതി നല്‍കിയത്. ആര്‍.എസ്.എസിന്റെ ഔദ്യോഗിക വേഷം ധരിച്ചയാള്‍ മുന്നിലിരിക്കുന്നയാളുടെ മുഖത്ത് മൂത്രമൊഴിക്കുന്ന ചിത്രമാണ് നേഹ പങ്കുവെച്ചത്. ഇന്ത്യന്‍ ശിക്ഷ നിയമം 153 -ാം വകുപ്പനുസരിച്ച് നേഹയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.മുമ്പ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിക്കെതിരേയും നേഹാ സിങ് രംഗത്ത് വന്നിരുന്നു.
|
ദസ്മത് റാവത് എന്ന ആദിവാസി യുവാവിന്റെ ദേഹത്താണ് പ്രവേഷ് ശുക്ലയെന്നയാള്‍ മൂത്രമൊഴിച്ചത്. ദിവസങ്ങള്‍ക്കുമുമ്പ് നടന്ന അതിക്രമത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പിന്നാലെ ദേശീയ സുരക്ഷാ നിയമം, എസ്.സി, എസ്.ടി ആക്ട് എന്നിവ ചുമത്തി ഇയാളെ അറസ്റ്റുചെയ്തിരുന്നു.
ചവിട്ടുപടിയിലിരിക്കുകയായിരുന്ന ദഷ്മത് റാവത്തിന്റെ മുഖത്തും ശരീരത്തിലും സിഗരറ്റ് വലിച്ചുകൊണ്ട് പ്രവേശ് ശുക്ല മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത് ബി.ജെ.പി. എം.എല്‍.എ. കേദാര്‍ നാഥ് ശുക്ലയുടെ മണ്ഡലത്തിലെ പ്രതിനിധിയും യുവമോര്‍ച്ച ഭാരവാഹിയുമാണ് പ്രവേശ് ശുക്ലയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. അതോടെ ഇയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ബി.ജെ.പി. പ്രസ്താവനയിറക്കി. സംഭവം വിവാദമായതോടെ ഇതേക്കുറിച്ചന്വേഷിക്കാന്‍ നാലംഗസമിതിയെ ബി.ജെ.പി. നിയോഗിക്കുകയും ചെയ്തു.





