21
Oct 2023
Sun
21 Oct 2023 Sun

ധരംശാല: പതിവ് തീപ്പൊരി ബാറ്റിങ്ങുമായി കളംനിറഞ്ഞ കിങ് കോഹ്‌ലിയുടെ ബാറ്റിങ് കരുത്തിൽ ധരംശാലയിൽ കിവീസിനെ ഫ്രൈയാക്കി ഇന്ത്യ. നാല് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലൻഡിനെ തകർത്തത്. കോഹ്‌ലി, ക്യാപ്റ്റൻ രോഹിത് ശർമ, രവീന്ദ്ര ജഡേജ എന്നിവരാണ് ഇന്ത്യൻ വിജയം എളുപ്പമാക്കിയത്. സെഞ്ചുറിക്ക് അഞ്ച് റൺ അകലെ കോഹ്‌ലി വീണെങ്കിലും ജഡേജ (39)കാര്യങ്ങൾ കൃത്യമായി ഫിനിഷ് ചെയ്തു. ന്യൂസിലൻഡ് ഉയർത്തിയ 274 റൺസ് വിജയലക്ഷ്യം രണ്ട് ഓവർ ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതോടെ അഞ്ച് ജയവുമായി ലോകകപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യ ഒന്നാം സ്ഥാനത്തായി. പാകിസ്താനെതിരായ മുൻ മത്സരത്തിലേത് പോലെ സെഞ്ചുറിയിലൂടെ കോഹ്‌ലി തന്നെ കളി ജയിപ്പിക്കുമെന്ന് അവസാന നിമിഷം തോന്നിപ്പിച്ചെങ്കിലും 47.4 ഓവറിൽ മാറ്റ് ഹെൻറിയുടെ പന്തിൽ 104 പന്തിൽ 95ന് പുറത്താവുകയായിരുന്നു. 40 പന്തിൽ 46 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ മികച്ച തുടക്കം നൽകിയെങ്കിലും സ്കോർ 71ൽ എത്തിനിൽക്കെ ലോക്കി ഫെർഗുസന്റെ പന്തിൽ കൂടാരം കയറേണ്ടിവന്നു.

സ്‌കോർ ബോർഡിൽ അഞ്ച് റൺ കൂടി ചേർക്കുമ്പോഴേക്കും തീപ്പൊരി ബാറ്റർ ശുഭ്മാൻ ഗില്ലിനെയും നഷ്ടമായി. 31 പന്തിൽ 26 റൺസായിരുന്നു ഗില്ലിന്റെ സമ്പാദ്യം. എന്നാൽ കോഹ്‌ലി പിച്ചിൽ നിലയുറപ്പിക്കുകയും റൺവേട്ട നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു. ഇതിനിടെ നാലാമനായെത്തിയ ശ്രേയസ് അയ്യർ 21.3ഓവറിൽ ട്രെന്റ് ബോൾട്ടിന്റെ പന്തിൽ കോൺവേയുടെ കൈയിൽ കുടുങ്ങി പവലിയനിലേക്ക് മടങ്ങുമ്പോൾ സമ്പാദ്യം 29 പന്തിൽ 33.

പിന്നാലെയെത്തിയ കെ എൽ രാഹുലും പതിയെ സ്‌കോർബോർഡ് നീക്കിയെങ്കിലും 27 റൺസിൽ മടങ്ങേണ്ടിവന്നു. തുടർന്ന്, ഹർദിക് പാണ്ഡ്യക്ക് പകരക്കാരനായി ക്രീസിലെത്തിയ സൂര്യകുമാർ യാദവിന് അധികം ആയുസുണ്ടായിരുന്നില്ല. നാല് പന്തിൽ വെറും രണ്ട് റൺസോടെ താരം കൂടാരം കയറി. ഇന്ത്യയുടെ പ്രതീക്ഷ വീണ്ടും മങ്ങിയ നിമിഷമായിരുന്നു ഇത്. എന്നാൽ രക്ഷക വേഷത്തിൽ കോഹ്‌ലി മറുതലയ്ക്കൽ പാറ പോലെ ഉറച്ചുനിൽക്കുന്നുണ്ടായിരുന്നു. തുടർന്ന് കൂട്ടായെത്തിയ ജഡേജയും ചേർന്ന് സ്‌കോർ വേഗം കൂട്ടി.

ഒടുവിൽ ലക്ഷ്യത്തിന്റെ അഞ്ച് റൺസകലെ വച്ച് മാറ്റ് ഹെൻറിയുടെ പന്തിൽ ഒരു വിജയഷോട്ടിന് ശ്രമിച്ച കോഹ്‌ലി ഗ്ലെൻ ഫിലിപ്‌സിന്റെ കൈയിൽ കുടുങ്ങുകയായിരുന്നു. എന്നാൽ ജഡേജ ഉള്ളതിനാൽ ഒന്നും പേടിക്കേണ്ടിവന്നില്ല. 48ാം ഓവറിന്റെ അവസാന പന്തിൽ കിടിലനൊരു ബൗണ്ടറിയിലൂടെ ജഡേജ വിജയം ടീമിനൊപ്പം എഴുതിച്ചേർത്തു. ഈ ലോകകപ്പിൽ ടീമിന്റെ അപരാജിതമായ അഞ്ചാം വിജയം. ലോക്കി ഫെർഗുസൻ രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ മിച്ചൽ സാ്ന്റ്‌നർ, മാറ്റ് ഹെൻറി, ട്രെന്റ് ബോൾട്ട് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ, ടോസ് നേടിയെങ്കിലും ന്യൂസിലൻഡിനെ ബാറ്റിങ്ങിനയച്ച ഇന്ത്യ 273 റൺസിൽ എല്ലാവരെയും എറിഞ്ഞിടുകയായിരുന്നു. അഞ്ച് വിക്കറ്റ് എറിഞ്ഞെടുത്ത പേസർ മുഹമ്മദ് ഷമിയാണ് കിവീസ് നിരയുടെ നട്ടെല്ലൊടിച്ചത്. കുൽദീപ് യാദവ് രണ്ടും ബുംറയും സിറാജും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ ഇന്നിങ്‌സിൽ ഡാരിൽ മിച്ചലിന്റെ (127 പന്തിൽ 130) തകർപ്പൻ സെഞ്ചുറിയുടേയും രച്ചിൻ രവീന്ദ്രയുടെ അർധ സെഞ്ചുറിയുടേയും (87ൽ 75) ബലത്തിലാണ് ന്യൂസിലൻഡ് 273 അടിച്ചെടുത്തത്. ഗ്ലെൻ ഫിലിപ്‌സ് (23), വിൽ യങ് (17) എന്നിവർ മാത്രമാണ് ടീമിൽ രണ്ടക്കം തികച്ച മറ്റുള്ളവർ.