ഇന്ത്യ പടിക്കല്‍ കലം ഉടക്കുമോ? അതോ 2019 തോല്‍വിക്ക് പകരംവീട്ടുമോ?; ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ – കിവീസ് സെമി ഫൈനല്‍
|
മുംബൈ: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ തോല്‍വിയറിയാതെ ഒമ്പത് കളികള്‍ പൂര്‍ത്തിയാക്കിയ കരുത്തരായ ഇന്ത്യ, നിലവിലെ റണ്ണറപ്പുകളായ ന്യൂസിലന്‍ഡിനെ നേരിടും. ഉച്ചയ്ക്ക് രണ്ടു മുതല്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്നിറങ്ങുമ്പോള്‍ നാലുവര്‍ഷം കാത്തിരുന്ന ഒരു കണക്കുതീര്‍ക്കാനുണ്ട് ഇന്ത്യക്ക്. 2019ല്‍ ഓള്‍ഡ് ട്രാഫോഡില്‍ വീണ കണ്ണീര്‍ മായ്ച്ചു കളയണം. 28 വര്‍ഷങ്ങള്‍ക്ക് ശേഷം 2011ല്‍ ഇന്ത്യ വീണ്ടും ലോക കിരീടം ചൂടിയ വാംഖഡെയില്‍ ആ നിമിഷത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. അങ്ങനെ ആത്മവിശ്വാസം കൊള്ളാന്‍ ടീം ഇന്ത്യയ്ക്ക് റൗണ്ട് റോബിന്‍ ഘട്ടത്തില്‍ ഒന്‍പതില്‍ ഒമ്പതും ജയിച്ച പ്രകടനം തന്നെ ധാരാളം.
രോഹിത്തിനുകീഴില്‍ ടീം ഇന്ത്യ ഏറെ സന്തുലിതമാണ്. ഈ ലോകകപ്പില്‍ ആകെ 396.2 ഓവറില്‍ 2523 റണ്ണാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. 450 ഓവറില്‍ ആകെ വഴങ്ങിയത് 1708 റണ്ണും. 10 ബൗളര്‍മാര്‍ ചേര്‍ന്ന് 85 വിക്കറ്റുകള്‍ നേടി. റണ്ണടിയില്‍ രണ്ട് സെഞ്ചുറികള്‍ ഉള്‍പ്പെടെ 594 റണ്ണുമായി വിരാട് കോഹ്ലി ഒന്നാമതുണ്ട്. 503 റണ്ണുമായി ക്യാപ്റ്റനുമുണ്ട് പട്ടികയില്‍. 24 സിക്‌സറും 58 ഫോറും രോഹിത്തിന്റെ റണ്‍ശേഖരത്തിന് അകമ്പടിയുണ്ട്.
കോഹ്ലിക്കും രോഹിത്തിനും പുറമേ ലോകേഷ് രാഹുലും ജസ്പ്രീത് ബുമ്രയും ശ്രേയസ്സ് അയ്യരും അടക്കം എല്ലാവരും ഫോമിലാണ് എന്നതാണ് പ്രതീക്ഷ നല്‍കുന്നത്.തുടര്‍ച്ചയായ രണ്ട് ഫൈനലുകള്‍ തോറ്റ ടീമാണ് ന്യൂസിലന്‍ഡ്. തുടര്‍ച്ചയായി സെമി മത്സരങ്ങള്‍ കളിച്ചതിന്റെ ആത്മവിശ്വാസമാണ് മുതല്‍ക്കൂട്ട്. രചിന്‍ രവീന്ദ്രയെന്ന റണ്‍ മെഷീന്‍ കിവികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഗ്ലെന്‍ ഫിലിപ്‌സ് ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ വാംഖഡെയില്‍ മുതല്‍ക്കൂട്ടാകും. പരിക്ക് കിവികളെ ചെറുതായി ഉലച്ചിട്ടുണ്ട്. എങ്കിലും സമ്മര്‍ദഘട്ടത്തില്‍ കളിക്കാന്‍ ന്യൂസിലന്‍ഡിന് പ്രത്യേക കഴിവാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





