കേപ്ടൗണ്‍: രണ്ടാം ദിവസത്തിലെ രണ്ടാം സെഷനില്‍ത്തന്നെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ഇന്ത്യ ജയിച്ചതോടെ പരമ്പര സമനിലയില്‍. ബാറ്റര്‍മാരുടെ ശവപ്പറമ്പായ പിച്ചില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് വിജയലക്ഷ്യം, 7 വിക്കറ്റുകള്‍ കൈയിലിരിക്കേ ഇന്ത്യ മറികടന്നു. 12 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സാണ് ഇന്ത്യ നേടിയത്. രോഹിത് ശര്‍മ (22 പന്തില്‍ 17), ശ്രേയസ് അയ്യര്‍ (6 പന്തില്‍ 4) എന്നിവരായിരുന്നു ക്രീസില്‍. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര സമനിലയില്‍ (1-1). ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയാണ് ജയിച്ചത്.
|
വിജയത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ അതിവേഗത്തില്‍ തന്നെ തുടങ്ങി. 23 പന്തില്‍ 28 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിനെയാണ് ആദ്യം നഷ്ടമായത്. ആറ് ഫോര്‍ ഉള്‍പ്പെടെയായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിങസ്. ബര്‍ഗറിന്റെ പന്തില്‍ സ്റ്റബ്‌സിന് ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാള്‍ മടങ്ങിയത്. 11 പന്തില്‍ 10 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ രണ്ടാമതായും വീണു. 11 പന്തില്‍ 12 റണ്‍സുമായി വിരാട് കോലിയെ ജാന്‍സനും മടക്കി.
നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ സിറാജ് ആണ് തീ തുപ്പിയതെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ ബുമ്ര ആഞ്ഞടിച്ചതോടെ ദക്ഷിണാഫ്രിക്ക 176 റണ്‍സിന് പുറത്തായിരുന്നു. 78 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാന്‍ കഴിഞ്ഞത്.
ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 98 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്‍ക്രം സെഞ്ച്വറി അടിച്ചു. എന്നാല്‍ മറ്റു താരങ്ങള്‍ക്കൊന്നും മാര്‍ക്രത്തിന് പിന്തുണ നല്‍കാന്‍ സാധിച്ചില്ല. 103 പന്തില്‍ 106 റണ്‍സ് നേടിയ മാര്‍ക്രം ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ബുമ്രയുടെ പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മുന്‍നിര താരങ്ങള്‍ കീഴടങ്ങുന്ന കാഴ്ചയാണ് കണ്ടത്.
വിരമിക്കല്‍ പ്രഖ്യാപിച്ച ഡീന്‍ എല്‍ഗറിന് അവസാന ഇന്നിംഗ്‌സില്‍ 12 റണ്‍സ് മാത്രമാണ് എടുക്കാനായത്. തുടക്കത്തില്‍ മുകേഷ് കുമാറാണ് വിക്കറ്റുകള്‍ നേടി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ബുമ്ര ഇത് ഏറ്റെടുക്കുകയായിരുന്നു. അഞ്ചുവിക്കറ്റ് നേട്ടമാണ് ബുമ്ര സ്വന്തം പേരിലേക്ക് ചേര്‍ത്തത്.
india vs south africa test series 2024


