റോമിൽ കാർഷിക യന്ത്രത്തിൽ കുടുങ്ങി കൈയറ്റ ഇന്ത്യക്കാരനായ കർഷകൻ ഉടമ വഴിയിൽ ഉപേക്ഷിച്ചതിനെ തുടർന്ന് ചോരവാർന്നുമരിച്ചു. 31കാരനായ സത്നം സിങ് ആണ് മരിച്ചത്. കൈ അറ്റുപോയ സത്നം സിങ്ങിനെയും ഭാര്യയെയും കൃഷിസ്ഥലത്തിന്റെ ഉടമ വാഹനത്തിൽ കയറ്റി വീടിനുസമീപം വഴിയിൽ ഇറക്കിവിട്ടശേഷം പോവുകയായിരുന്നു.
|
റോമിനു സമീപത്തുള്ള ലാസിയോയിലെ കൃഷിഭൂമിയിൽ ജോലി ചെയ്യുന്നതിനിടെയാണ് സത്നം സിങ്ങിന്റെ കൈ യന്ത്രത്തിൽ കുടുങ്ങി അറ്റുപോയത്. സത്നം സിങ്ങിനെയും ഒപ്പമുണ്ടായിരുന്ന ഭാര്യയെയും വാഹനത്തിൽ കയറ്റിയായ തൊഴിലുടമ ആന്റോനെല്ലോ ലൊവാറ്റോ ഇരുവരെയും പിന്നീട് വഴിയിൽ ഉപേക്ഷിച്ചുപോവുകയായിരുന്നു. യുവാവിന്റെ അറ്റുപോയ കൈ തൊഴിലുടമ പഴക്കൂടയുടെ ഉള്ളിലിടുകയും ചെയ്തിരുന്നു.
യുവാവിനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ചോര വാർന്നുപോയതാണ് മരണകാരണം. സമയത്ത് ആശുപത്രിയിലെത്തിച്ചെങ്കിൽ സത്നം സിങ്ങിനെ രക്ഷിക്കാനാവുമായിരുന്നു. സംഭവം വിവാദമായതോടെ തൊഴിലുടമയായ ആന്റോനെല്ലോ ലൊവാറ്റോയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞമാസമായിരുന്നു സംഭവം. സത്നം സിങ്ങിന്റെ ദാരുണമരണത്തെ തുടർന്ന് റോമിൽ നിരവധി പ്രതിഷേധങ്ങളുണ്ടായി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി തൊഴിലുടമയുടെ പ്രവൃത്തിയെ തള്ളിപ്പറഞ്ഞു. ആയിരക്കണക്കിന് ഇന്ത്യൻ കുടിയേറ്റക്കാർ രാജ്യത്തുണ്ടെന്നും ഇവരിൽ ഒരാളാണ് തൊഴിലുടമയുടെ നീചമായ ചെയ്തിക്കിരയായതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.



