07
Jun 2026
Sun
07 Jun 2026 Sun
Lakshadweep liqour ban

കവരത്തി/ന്യൂഡല്‍ഹി: മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപില്‍ ദശാബ്ദങ്ങളായി നിലനിന്നിരുന്ന മദ്യനിരോധന നിയമം കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച പിന്‍വലിച്ചു. പകരം, മദ്യവ്യാപാരത്തിന് ലൈസന്‍സ് അനുവദിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ എക്‌സൈസ് ചട്ടങ്ങള്‍ കേന്ദ്രം പ്രാബല്യത്തില്‍ വരുത്തി. ജനങ്ങളുടെ ശക്തമായ എതിര്‍പ്പ അവഗണിച്ചാണ് കേന്ദ്ര നീക്കം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ലക്ഷദ്വീപ് എക്‌സൈസ് റെഗുലേഷന്‍ 2026’ നിലവില്‍ വന്നതോടെ, കഴിഞ്ഞ 47 വര്‍ഷമായി ദ്വീപുകളില്‍ മദ്യനിരോധനത്തിന് നിയമപരമായ അടിത്തറയേകിയിരുന്ന ‘ലക്ഷദ്വീപ് പ്രൊഹിബിഷന്‍ റെഗുലേഷന്‍ 1979’ ആണ് റദ്ദാക്കപ്പെട്ടത്.

പുതിയ ചട്ടപ്രകാരം ദ്വീപുകളില്‍ മദ്യത്തിന്റെ ഉത്പാദനം, ഇറക്കുമതി, കയറ്റുമതി, ഗതാഗതം, വാങ്ങല്‍, വില്‍പ്പന എന്നിവയ്ക്കായി ലൈസന്‍സുകളും പെര്‍മിറ്റുകളും നല്‍കാന്‍ ഭരണകൂടത്തിന് വിപുലമായ അധികാരം ലഭിക്കും. കൂടാതെ, കേന്ദ്രഭരണ പ്രദേശത്ത് മദ്യം ഇറക്കുമതി ചെയ്യുന്നതിനും റീട്ടെയില്‍ വിപണനം നടത്തുന്നതിനുമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോര്‍പ്പറേഷനുകള്‍ക്കും ഏജന്‍സികള്‍ക്കും ലൈസന്‍സ് നേടാനും പുതിയ നിയമം അനുമതി നല്‍കുന്നുണ്ട്.

നയപരമായ വലിയ മാറ്റം; ആശങ്കയില്‍ ജനങ്ങള്‍

ഭൂരിപക്ഷ ജനവിഭാഗത്തിന്റെ സാമൂഹികവും സാംസ്‌കാരികവും മതപരവുമായ മൂല്യങ്ങളെ മുന്‍നിര്‍ത്തിയാണ് ലക്ഷദ്വീപില്‍ ഇത്രയും കാലം മദ്യത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. അതിനാല്‍ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം ദ്വീപിലെ നയപരമായ വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

ALSO READ: പാചക വാതക വില വീണ്ടും കൂട്ടി; ജനങ്ങളുടെ വയറ്റത്തടിച്ച് കേന്ദ്ര സര്‍ക്കാര്‍

ഭരണകൂടത്തിന്റെ ഈ തീരുമാനത്തിനെതിരെ നിരവധി ദ്വീപുവാസികള്‍ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. തദ്ദേശീയരായ ജനങ്ങളുടെയോ ജനപ്രതിനിധികളുടെയോ അനുമതിയില്ലാതെയാണ് ഇത്തരം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി വിവിധ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും നിവാസികളും മദ്യനിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ്.

എന്നാല്‍, എക്‌സൈസ് ഭരണം കാര്യക്ഷമമാക്കാനും വിനോദസഞ്ചാര മേഖലയെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കാനുമാണ് പുതിയ നിയമം ലക്ഷ്യമിടുന്നതെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം. മദ്യവ്യാപാരവുമായി ബന്ധപ്പെട്ട് എക്‌സൈസ് ഡ്യൂട്ടി, ലൈസന്‍സ് ഫീസ്, മറ്റ് ചാര്‍ജുകള്‍ എന്നിവ ഈടാക്കാന്‍ പുതിയ നിയമം അധികാരികളെ ചുമതലപ്പെടുത്തുന്നു. കൂടാതെ, പുതിയ ചട്ടപ്രകാരം 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത് നിരോധിച്ചിട്ടുമുണ്ട്.

ലക്ഷദ്വീപില്‍ സമീപവര്‍ഷങ്ങളിലായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭരണപരമായ മാറ്റങ്ങളില്‍ ദ്വീപുവാസികള്‍ക്കുള്ള ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ് പുതിയ വിജ്ഞാപനവും പുറത്തുവന്നിരിക്കുന്നത്. 2020-ല്‍ അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ ഖോദ പട്ടേല്‍ ചുമതലയേറ്റത് മുതല്‍, ദ്വീപിന്റെ സവിശേഷമായ സംസ്‌കാരം, പാരമ്പര്യം, സ്വയംഭരണാവകാശം എന്നിവയെ തകര്‍ക്കുന്നതാണ് ഭരണകൂടത്തിന്റെ പല തീരുമാനങ്ങളുമെന്ന് ആരോപിച്ച് ജനങ്ങള്‍ നിരന്തരമായ പ്രതിഷേധത്തിലാണ്.

Indian govt repeals Lakshadweep’s liquor ban