ഹാമില്‍ട്ടണ്‍: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിവച്ചുകൊന്നു. ഒന്റാറിയോയിലെ ഹാമില്‍ട്ടണിലുള്ള മൊഹാക്ക് കോളജിലെ വിദ്യാര്‍ത്ഥിനിയായ ഹര്‍സിമ്രത് രന്ധാവ(21)ആണ് മരിച്ചത്. ബസ് സ്‌റ്റേഷനില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്ന ഹര്‍സിമ്രത് രന്ധാവയെ കാറില്‍ സഞ്ചരിച്ച അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് വാഹനങ്ങള്‍ ഉള്‍പ്പെട്ട വെടിവയ്പില്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന ഹര്‍സിമ്രത് ഉള്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
|
പോലീസ് എത്തിയപ്പോള്‍ നെഞ്ചില്‍ വെടിയേറ്റ നിലയില്‍ ആണ് രണ്‍ധാവയെ കണ്ടെത്തിയത്. അവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കറുത്ത കാറിലെ യാത്രക്കാരന്‍ വെളുത്ത സെഡാനില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. വെടിവയ്പ്പിന് തൊട്ടുപിന്നാലെ വാഹനങ്ങള്‍ വേഗം ഓടിച്ചുപോയി. ബുള്ളറ്റുകളിലൊന്നില്‍ സമീപത്തുള്ള ഒരു വീടിന്റെ പിന്‍വശത്തെ ജനാലയിലൂടെയും തുളച്ചുകയറി. ഈ സമയം ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു വീട്ടുകാര്‍. ഇവര്‍ക്ക് പരിക്ക് റിപ്പോര്‍ട്ട്‌ചെയ്തിട്ടില്ല.
ബുധനാഴ്ച നടന്ന കൊലപാതകത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ഹാമില്‍ട്ടണ്‍ പോലീസ് പറഞ്ഞു. സംഭവത്തില്‍ കാനഡയിലെ ഇന്ത്യന്‍ എംബസി ആശങ്കയറിയിച്ചു. കൊലപാതകത്തില്‍ അന്വേഷണം നടക്കുന്നു. ഞങ്ങള്‍ അവരുടെ കുടുംബവുമായി ബന്ധപ്പെട്ടുവരികയാണ്. ആവശ്യമായ എല്ലാ സഹായവും നല്‍കുന്നു. ഈ ദുഷ്‌കരമായ സമയത്ത് ദുഃഖിതരായ കുടുംബത്തോടൊപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും- എംബസി അറിയിച്ചു.
Indian student killed by stray bullet in Canada’s Ontario


