21
Apr 2024
Tue
21 Apr 2024 Tue
Indian student went missing last month found dead in Cleveland

ഓഹിയോ: കഴിഞ്ഞമാസം യുഎസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയും ക്ലീവ് ലാന്‍ഡ് യൂനിവേഴ്‌സിറ്റിയിലെ ഐടി വിദ്യാര്‍ഥിയുമായ മുഹമ്മദ് അബ്ദുല്‍ അറഫാത്ത്(25)ആണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ ഇവിടെ മരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വിദ്യാര്‍ഥിയാണ് അറഫാത്ത്.(Indian student went missing last month found dead in Cleveland)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞവര്‍ഷം മെയിലാണ് അറഫാത്ത് യുഎസിലെത്തിയത്. മാര്‍ച്ച് ഏഴിനാണ് അറഫാത്ത് അവസാനമായി ഫോണില്‍ സംസാരിച്ചതെന്ന് യുവാവിന്റെ പിതാവ് മുഹമ്മദ് സലീം പറഞ്ഞു. ഇതിനു ശേഷം വീട്ടുകാരുമായി അറഫാത്ത് ബന്ധപ്പെട്ടിരുന്നില്ല. വീട്ടുകാര്‍ വിളിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന മറുപടിയാണ് ലഭിച്ചിരുന്നത്.

ഇതേത്തുടര്‍ന്ന് മകനെ കണ്ടെത്തണമെന്നഭ്യര്‍ഥിച്ച് കുടുംബം പരാതി നല്‍കിയിരുന്നു. ഇതിനിടെ മാര്‍ച്ച് 19ന് സലീമിന് അജ്ഞാതന്റെ ഫോണ്‍ കോള്‍ ലഭിക്കുകയും മകനെ മയക്കുമരുന്ന് വില്‍പ്പന സംഘം കടത്തിക്കൊണ്ടുവന്നതാണെന്നും മോചിപ്പിക്കണമെങ്കില്‍ 1200 ഡോളര്‍ നല്‍കണമെന്നും അറിയിക്കുകയുണ്ടായി. മകന് ഫോണ്‍ കൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വിളിച്ചയാള്‍ തയ്യാറായില്ലെന്നും പണം എങ്ങനെ നല്‍കണമെന്നതടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞില്ലെന്നും സലിം പറയുന്നു.

ഇതോടെ വിദേശകാര്യമന്ത്രി എസ് ജശങ്കറിന് കത്തയച്ച് മകനെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള അഭ്യര്‍ഥന സലിം നടത്തി. ക്ലീവ് ലാന്‍ഡ് പോലീസ് യുവാവിനു വേണ്ടി അന്വേഷണം നടത്തുന്നതിനിടെയാണ് ക്ലീവ് ലാന്‍ഡില്‍ നിന്നു തന്നെ മൃതദേഹം കണ്ടെത്തുന്നതെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എക്‌സില്‍ കുറിച്ചു. കഴിഞ്ഞയാഴ്ചയാണ് ഇന്ത്യന്‍ വിദ്യാര്‍ഥിയായ ഉമ സത്യ സായി ഗഡ്ഡേ ഓഹിയോയില്‍ മരിച്ചത്. ഈ വര്‍ഷം മാത്രം 9 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് യുഎസില്‍ മരിച്ചത്.